Monday, January 31, 2011

ഹൈവേ

പാലക്കാടുകാരനായ ഞാന്‍ റോഡുമാര്‍ഗം തിരുവനന്തപുരത്തിനു പലതവണ യാത്ര ചെയ്തിട്ടുന്കിലും വടക്കന്‍ മലബാറിലേക്ക് അധികം യാത്രകള്‍ റോഡുമാര്‍ഗം നടത്തിയിട്ടില്ല. ഈ കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ ഖാദിരിയ്യ ത്വരീഖത്ത്തിന്റെ ആത്മീയാചാര്യന്‍ ശൈഖുനാ അസ്സയ്യിദ് യു. പി. മുഹമ്മദ്‌ ഖാസിം തങ്ങള്‍ (ഖ.സി) അവര്‍കളുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി സുഹൃത്തുക്കളായ ഹാജി. ഉണ്നീന്കുട്ടി സാഹിബ്, (റിട്ടയേഡ് സി.ഐ. എക്സൈസ് ), ഹാജി. തറമ്മല്‍ ആറ്റക്കോയ എന്നിവരോടൊപ്പം കാറില്‍ കാസര്‍ഗോഡ്‌ വരെ ഒരു യാത്ര വേണ്ടിവന്നു. വികസനത്തിന് വേണ്ടി മുറവിളി കൂട്ടുകയും സ്വയം വികസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഭരണക്കാരുടെയും ഭരണീയരുടെയും ഇടയില്‍ സ്വയം വീര്‍പ്പുമുട്ടി, മോചന യാത്രയും രക്ഷാ യാത്രയും നെഞ്ചിലേറ്റി കിടക്കുന്ന ഇടുങ്ങിയ നമ്മുടെ വടക്കേ മലബാറിന്റെ തീരദേശ ഹൈവേ  നമ്പര്‍ 17. താങ്ങാനാവാത്ത വിധം ബോര്‍ഡുകളും, കമാനങ്ങളും,തോരണങ്ങളും, പേറി ലക്ഷക്കണക്കിന്‌ വാഹനങ്ങളെയും കടത്തിവിടാനായി സ്വയമര്‍പ്പിച്ചു വളഞ്ഞു പുളഞ്ഞു ഞെളിപിരികൊണ്ടു എനിക്കെന്നു മോചനം? എനിക്കെന്നു വികസനം? എന്നുരുവിട്ടുകൊണ്ട്‌ കിടക്കുന്ന ആ കാഴ്ച പരമദയനീയം തന്നെ. മോചകരും, രക്ഷകരുമോന്നും എന്നെ കാണുന്നതെയില്ലല്ലോ ?
വിദേശാധിപത്യം തുടങ്ങാന്‍ കാരണക്കാരനായ വാസ്കൊടഗാമ കപ്പലിറങ്ങിയ കോഴിക്കോടും, വിദേശ ആധിപത്യതോട് ശക്തമായി പ്രതികരിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തട്ടകവും, തച്ചോളി മാനിക്കൊത്ത് ഒതെനക്കുറുപ്പിന്റെയും, ആരോമാല്ചെകവരുടെയും, ഉണ്നിയാര്ച്ച്ചയുടെയും , ഓര്‍മ്മകള്‍ ഉറങ്ങുന്ന ലോകനാര്‍ കാവിലമ്മ  യുടെ  തട്ടകത്തിലൂടെയും,അറക്കല്‍ ബീവിയുടെയും,  ഒളിന്പ്യന്‍ പി റ്റി  ഉഷയുടെയും, സൂഫി വര്യന്മാരായ മാലിക് ദീനാര്‍, ഉള്ളാല്‍ മുഹമ്മദ്‌ മദനി തങ്ങള്‍,കുമ്പള ശൈഖുനാ മുഹമ്മദ്‌ കാസിം തങ്ങളുടെയും സ്ഥലങ്ങള്‍ കടന്നു അങ്ങ് മംഗലാപുരം എത്തുന്ന ഹൈവേ 17.

                            ഈയടുത്ത കാലത്താണ് റെയില്‍വേ ഗെയിറ്റുകള്‍ മാറ്റി ഏതാനും മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്. ദിവസവും ലക്ഷകണക്കിന് വാഹനങ്ങള്‍ റോഡില്‍  ഇറങ്ങുന്ന കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് എന്തിനിത്ര കുടുസ്സായ മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കി. റോഡിനെക്കാള്‍ കഷ്ട്ടമാണ് മേല്‍പ്പാലങ്ങളുടെ അവസ്ഥ. വികസനം മുന്പില്‍കണ്ടുകൊണ്ട് കുറേക്കൂടി വീതി കൂടിയ മേല്‍പാലങ്ങള്‍ ആവാമായിരുന്നില്ലേ? എന്‍റെ സംശയത്തിനു സുഹൃത്ത് ഉണ്നീന്കുട്ടി ഹാജി പറഞ്ഞതിങ്ങിനെ. "ഒരുപക്ഷെ വീതി കുറഞ്ഞ റോഡില്‍ വീതികൂടിയ മേല്‍പ്പാലം ഉണ്ടാക്കാന്‍ നിയമ തടസ്ഥമുണ്ടാകും . അതായിരിക്കാം വീതി കുറഞ്ഞു പോയത്." അങ്ങിനെയെങ്കില്‍ ഈ നിയമവും നിയമനിര്‍മാണവും ഒക്കെ ആര്‍ക്കു വേണ്ടിയാണ്.  അതവിടെ ഇരിക്കട്ടെ! എല്ലാ പാലങ്ങളുടെയും തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്ലാബുകള്‍ യോജിപ്പിക്കുന്ന ഭാഗങ്ങളില്‍ വണ്ടികള്‍ കട കട ശബ്ദത്തോടെ ചാടുന്ന ഒരവസ്ഥ ഉണ്ട്. മുപ്പതും  നാല്‍പ്പതും ടെന്‍ ഭാരവും കയറ്റി വരുന്ന വാഹനങ്ങള്‍ പാലത്തില്‍ ഇങ്ങിനെ ചാടിയാല്‍ പാലത്തിനു ബലഹീനത ഉണ്ടാകില്ലേ? എന്നും എനിക്ക് സംശയം. ഇതിനു മറുപടി തന്നത് എന്‍റെ സുഹൃത്ത് ഹാജി. ആറ്റക്കോയ സാഹിബ് ആണ്.  "അതൊക്കെ എന്ജിനീയറിംഗ് ടെക്നോളജി ആവും . നമുക്ക് അതൊന്നും വശമില്ലല്ലോ" എന്നാണു. ആണോ? എനിക്ക് സംശയം തീര്‍ന്നില്ല. കാരണം ഇതുപോലെ വേറെയും ഒരുപാട് മേല്‍പാലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവയിലൊന്നും ഈ ചാട്ടമില്ല. വീണ്ടും  ആറ്റക്കോയ സാഹിബ് വിശദീകരിച്ചു. ഡ്രൈവര്‍ ശ്രദ്ധിച്ചു വണ്ടി ഓടിക്കാനും സ്പീട് കൂട്ടി പാലത്തില്‍ പോകാതിരിക്കാനും വേണ്ടിയാണെന്നും യാത്രയിലെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വണ്ടി ഓടിച്ച്ചിട്ടില്ലാത്ത്ത ആറ്റക്കോയ സാഹിബ് പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടാല്‍ അല്ഭുതമില്ലല്ലോ? കാരണം കേരളത്തിലെ മറ്റേതൊരു റോഡിനെക്കാളും ശ്രദ്ധയോടെ മാത്രമേ ഈ റോഡില്‍ യാത്ര സാദ്ധ്യമാവൂ എന്ന് എനിക്കറിയാമല്ലോ! രാത്രിയില്‍ പോലും പാളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ആണ്. ഇതിനിടയില്‍ കുരുക്കഴിക്കാന്‍ രാപകലില്ലാതെ കഷ്ട്ടപ്പെടുന്ന നിയമപാലകരുടെ കഷ്ട്ടം  പറയേണ്ടതില്ല. പകല്‍ സമയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളെയും വയസ്സായവരെയും സ്ത്രീകളെയും വാഹനം തടഞ്ഞു നിര്‍ത്തി റോഡു മുറിച്ചു കടക്കാന്‍ സഹായിക്കുന്നവരെയും , വേണമെങ്കില്‍ കടന്നോട്ടെ എന്ന ഭാവത്തില്‍ സുഹൃത്തിനോട് വാചകം അടിച്ചു നില്‍ക്കുന്നവരെയും നിയമപാലകരുടെ വേഷത്തില്‍ കണ്ടില്ല എന്ന് പറയാനാകില്ല.
                        ഇതിനിടയില്‍ എന്ന് മുതലാണ്‌ ഓടുന്ന വാഹനത്തിന്റെ ഇടതു ഭാഗത്ത് കൂടെ കയറി ഓവര്‍ ടെയിക്ക്  ചെയ്യുന്ന ഒരു പ്രവണത തുടങ്ങിയതെന്ന് കൃത്യമായി ഓര്‍മയില്ല. ആട്ടോരിക്ഷകളും, ടൂ വീലറുകളും വ്യാപകമായതോട് കൂടിയായിരിക്കണം. ഇപ്പോള്‍ എല്ലാ വാഹനവും ഇങ്ങിനെ ചെയ്യാം എന്നായിട്ടുണ്ട്. ഇതിന്റെ അപകട സാദ്ധ്യത ആരും കാണുന്നില്ല. പിന്‍ചക്ക്രത്തില്‍ കുടുങ്ങി ജീവിതത്തിനു വിരാമം കണ്ടെത്താന്‍ ഇത് വളരെ സൌകര്യമാണ്. നിയമ പാലകര്‍ക്കോ സര്‍ക്കാരിനോ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യാപകമായി ഇത് കണ്ടുവരുന്നു. പിന്നൊരു കാഴ്ച തെക്കോട്ടും വടക്കോട്ടും പോകുന്ന ബസ്സുകള്‍ ഒരേ സ്ഥലത്ത്  ഇടതുവശവും വലതുവശവും നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതി. ഇതും വ്യാപകമാണ്. പിന്നില്‍ നിയമപാലകരുടെ വണ്ടിയായാലും, ആംബുലന്‍സ് ആയാലും അവര്‍ക്ക് വിരോധമില്ല. . കാരണം അവര്‍ക്ക് സ്വാധീനമുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് അതിനൂ ന്യായീകരനമുണ്ട്.
             വാഹനമോടിക്കുന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് റോഡു നിയമങ്ങള്‍ അറിയാമെന്നതിനെ കുറിച്ചു ഒരു നിശ്ചയവുമില്ല. ഇന്ടിക്കെടര്‍ സംവിധാനം വരുന്നതിനു മുന്‍പ് കൈ കൊണ്ട് സിഗ്നല്‍ നല്‍കിയാണ്‌ ഡ്രൈവര്‍മാര്‍ തന്‍റെ  ദിശകള്‍ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ടികെട്ടര്‍ വന്നപ്പോള്‍ ഇത് മാറി. ഇത് എപ്പോള്‍  ഏതു സമയത്ത് എങ്ങിനെയൊക്കെ പ്രവര്‍ത്തിക്കണമെന്ന് അധികം പേര്‍ക്കും വശമില്ല. വലതു വശം തിരിയുവാന്‍ ഉപയോഗിക്കുന്ന അതെ സംവിധാനം തന്നെ പിന്നിലുള്ള വണ്ടിക്കാര്‍ക്ക്‌ കടന്നു പോകാന്‍ അനുവാദം കൊടുക്കുവാനും ഉപയോഗിച്ചു കാണുന്നു. പലരും തിരിഞ്ഞു കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത് തന്നെ. പിന്നിലെ വണ്ടിക് ബുദ്ധിമുട്ട് കൂടാതെയും തനിക്കു വിഷമം ഇല്ലാതെ കടക്കുവാനും വേണ്ടിയാണ് ഈ സംവിധാനമെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഉപയോഗപ്പെടുത്താതെ  ഞാന്‍ നിയമം പാലിച്ചല്ലോ എന്നാണു ഇവരുടെ മനസ്സിലിരുപ്പ്. വണ്ടി ഓടിക്കുന്നതില്‍  മദ്യപിച്ചു മന്ദബുദ്ധിയായവരെയും മൊബൈല്‍ ഫോണ്‍ ചെവിയില്‍ കയറ്റി തല ചെരിച്ചു കസര്‍ത്ത് കാട്ടുന്നവരെയും പിടി കൂടി ശിക്ഷിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല.
                  മാഹിയുടെയും തലശേരിയുടെയും ഇടയിലൂടെ തട്ടാതെ, മുട്ടാതെ എവിടെയും ഉരസലോന്നും കൂടാതെ കാസര്‍ഗോഡ്‌ എത്തിയതിന്റെ ആശ്വാസം തോന്നിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ അപകടത്തിനു കാരണമെന്ന് പലപ്പോഴും പറയാറുണ്ട്‌. സത്യത്തില്‍ റോഡു മോശമായാല്‍ സ്പീട്  കുറയുകയും അപകടങ്ങള്‍ ഇല്ലാതിരിക്കുകയുമല്ലേ വേണ്ടത്? പക്ഷെ ഇവിടെ അതില്ല. ഇനി റോഡു നന്നായി പണിതാലോ അപകടത്തിനു വല്ല കുറവുമുണ്ടോ? അപ്പോഴും അപകടത്തിന്റെ പൂരമല്ലേ! ഈയിടെ ഞങ്ങളുടെ നാട്ടിലൂടെ പണിത ഒരു ഹൈവേ 45 കിലോമീറ്റര്‍ മുഴുവന്‍ ഗതാഗത യോഗ്യമാവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ സ്ഥാപിതമായ സ്പീഡ് ബ്രേയ്ക്കരുടെ എണ്ണം  പതിനഞ്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കപ്പെട്ടവ കൂടാതെ നാട്ടുകാര്‍ ചോദിച്ചും സമരം ചെയ്തും നേടി സ്ഥാപിച്ച്ചവയും ഈ കൂട്ടത്തിലുണ്ട്. ഈ നിയന്ത്രണങ്ങള്‍ എല്ലാം വീണ്ടുവിചാരമില്ലാതെ വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ കാട്ടിക്കൂട്ടിയ കോപ്രായം കൊണ്ട് അവര്‍ തന്നെ ചോദിച്ചു വാങ്ങിയ സ്വയം കെണികള്‍ ആണെന്നല്ലാതെ എന്ത് പറയാന്‍. കാല്‍ നട യാത്രക്കാരുടെയും അന്യവാഹനങ്ങളുടെയും അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തു മര്യാദക്ക് വണ്ടി ഓടിക്കുവാന്‍, നിയമങ്ങള്‍ പാലിക്കുവാന്‍, അനുസരിക്കുവാന്‍, നിയമം കൊണ്ട് ഒരു സര്കാരിനും കഴിയില്ല. ബോധവല്കരണം വേണമെന്ന് പറയുന്നു. അതിനൊക്കെ ബോധാവല്കരിക്കാന്‍ ബോധം ആര്‍ക്കൊക്കെയുണ്ട്?
                "മര്യാദക്കാരനും, മര്യാദക്കാരനും മൂന്നു വഴി. മര്യാദക്കാരനും മര്യാദയില്ലാത്തവനും രണ്ടു വഴി. മര്യാദയില്ലാത്തവനും മര്യാദയില്ലാത്തവനും ഒരു വഴി."
                 ഇങ്ങിനെ ഒരു ചൊല്ലുണ്ട്. പണ്ടത്തെ നാട്ടു വഴികള്‍ ആണ് വിവക്ഷ. രണ്ടു മര്യാദക്കാര്‍ പരസ്പരം നാട്ടു വഴിയിലൂടെ ക്രോസ് ചെയ്യുമ്പോള്‍ രണ്ടു പേരും സാമാന്യം ഒതുങ്ങി കടന്നു പോകുമ്പോള്‍ നടുവിലൂടെ മറ്റൊരാള്‍ക്ക് കൂടി കടന്നു പോകുവാന്‍ ആ ഇടുങ്ങിയ വഴി ഉപയോഗപ്പെടുത്താം എന്ന് സാരം. ബാക്കി വായനക്കാര്‍ ഊഹിച്ചാല്‍ മതി!
                   അങ്ങോട്ട്‌ രാത്രി യാത്രയില്‍ കാസര്‍ഗോഡ്‌ എത്താന്‍ 7 മണിക്കൂര്‍. ഇങ്ങോട്ട് പകല്‍ യാത്രയില്‍ അതെ ദൂരം 11 മണിക്കൂര്‍. തിരിച്ചു വരുമ്പോള്‍ വണ്ടിയില്‍ പ്രായം ചെന്ന വയസ്സന്‍ സേയ്താലിക്കയും കൂടെയുണ്ട്. മാഹി കടന്നു പോകുമ്പോള്‍ ഇന്ധനം അവിടെ നിന്ന് വില കുറഞ്ഞു കിട്ടുമെന്ന് ഉണ്ണീന്‍ കുട്ടി ഹാജി പറഞ്ഞതനുസരിച്ച് അവിടെ നിര്‍ത്തി. രണ്ടു ഭാഗത്തും നിര നിര യായി മദ്യ വില്പനശാലകള്‍! മരുന്ന് കടകള്‍ ആണെന്നാണ്‌ പാവം സെയ്താലിക്ക കരുതിയത്! എന്ത് മരുന്നായിരിക്കുമെന്നു സെയ്താലിക്കായുടെ അന്വേഷണത്തിന് ആറ്റക്കോയ ഹാജി പറഞ്ഞത് അതൊക്കെ അത്തര്‍ കുപ്പികള്‍ ആണെന്നാനെ. " ന്റെ റബ്ബേ! ഇത്രയൊക്കെ അത്തര്‍ ഇവര്‍ക്ക് കുളിക്കാനാണോ? ഇത്രയ്ക്കു നാറ്റം കൂടിയ ആളുകള്‍ ആണോ ഇവിടെയുള്ളവര്‍!" സെയ്താലിക്കയുടെ ആത്മഗതം! കുറെ കഴിഞ്ഞു ഉണ്ണീന്‍ കുട്ടി ഹാജിയാണ് സെയ്താലിക്കാക്ക് ശെരിക്കുള്ള ഉത്തരം നല്‍കിയത്.
                       ആറ്റക്കോയ ഹാജി ആവശ്യപ്പെട്ട പ്രകാരം ഒരു കട്ടന്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു തട്ട്ടു കടയുടെ അടുത്ത് വണ്ടിനിര്‍ത്തി , തൊട്ടടുത്ത്‌ ഒരു കോഴിക്കട. അവിടെ ഒരു ബോര്‍ഡ്. അതില്‍ ഇങ്ങിനെ ഒരു അറിയിപ്പ്. ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനയുടെയാണ്. അതില്‍ പറയുന്നത് ഇങ്ങിനെ."നിങ്ങള്‍ കോഴി ഇറച്ചിക്ക് നല്കുന്നവില ഒരുപാട് കൂടുതല്‍ ആണ്. ഇത് കേരള സര്‍ക്കാര്‍ കോഴിക്ക് 12.5 % നികുതി ചുമത്തിയത് കൊണ്ടാണെന്നും ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല എന്നും പാവങ്ങളുടെ പോഷകാഹാരമായ കോഴി ഇറച്ചിക്ക് അന്യായമായി ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നും" ആണ്. എന്തൊരു ഉപഭോക്തൃ സ്നേഹം അല്ലെ! ഇത് പ്രകാരം ഒരു കോഴിക്ക് ചുരുങ്ങിയത് 10 രൂപ വെച്ചെങ്കിലും കേരളത്തിന്റെ ഖജനാവില്‍ എത്തേണ്ടതാണ്. കേരളത്തില്‍ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന ലക്ഷകണക്കിന് കോഴികള്‍ക്ക് ഈ തോതില്‍ കണക്കാക്കി കോടികള്‍ എത്തെണ്ടാതല്ലേ! ഉണ്ടാവില്ല. എന്ന് തന്നെ തോന്നി. ഇതൊന്നു പങ്കുവെക്കാന്‍ ഉണ്നീന്കുട്ടി ഹാജിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിടിപ്പിക്കാന്‍ ഈ ലേഖനം തികയില്ല.
                       വരുമ്പോള്‍ കണ്ട മറ്റൊരു കാര്യം പാപ്പിനിശ്ശേരി കനടല്‍ പാര്‍ക്ക്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ ഈ പരിത:സ്ഥിതി വന്നു പോയതില്‍ വിലപിക്കുന്നോ? അതോ സന്തോഷമാണോ? അറിയില്ല!
                      കേരളത്തിന്റെ റോഡുകളുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈ ക്കോടതി പോലും പലപ്രാവശ്യവും ഇടപെട്ടിട്ടുണ്ട്!
                       കേരളത്തില്‍ ഹൈ വേ കളുടെ വീതി കഴിയുന്നത്ര ചുരുക്കി നിശ്ചയിച്ചു കിട്ടാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്!
                      കേരളത്തിനു വേണ്ടി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല! കേന്ദ്രം!
                      കേരളത്തില്‍ മാത്രമായി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല. കേരള സര്‍ക്കാര്‍!
             ഇതൊക്കെ സ്മാര്‍ട്ടായി മുന്നോട്ടു പോകുവാന്‍ ഇനിയുംത്ര മോചന രക്ഷാ യാത്രകള്‍ വേണ്ടിവരും! പ്രതീക്ഷകളോടെ! 

Thursday, January 13, 2011

എന്റെ ഗ്രാമം


ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിലാണ് ഞാന്‍ ജനിച്ചു വീണ എന്‍റെ ഗ്രാമത്തില്‍ ഞാന്‍ സ്ഥിരമായി താമസത്തിനു എത്തുന്നത്. എന്‍റെ പതിനഞ്ചാം വയസ്സില്‍. അതുവരെ ഗ്രാമത്തിനു പുറത്തായിരുന്നു. സുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നിളാ നദിക്കരയില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ പേരൂര്‍ എന്ന ഗ്രാമം. അധികം വീതിയില്ലാത്ത ഇടവഴികളും, വളരെ ഇടുങ്ങിയ കാളവണ്ടി വഴികളും മാത്രമുണ്ടായിരുന്ന എന്‍റെ ഗ്രാമം. നിളയുടെ വടക്കേ അരികിലൂടെ കൊച്ചിന്‍ മദ്രാസ് റെയില്‍ പാത. വടക്ക് പാലക്കാട് പൊന്നാനി മെയിന്‍ റോഡും തെക്ക് നിളാ നദിയും അതിര് പങ്കിടുന്ന എന്‍റെ ഗ്രാമത്തില്‍ ഓല മേഞ്ഞ വീടുകളും അപൂര്‍വ്വം ഓടിട്ട വീടുകളും മാത്രം. എല്ലായിടത്തും പച്ചപ്പ്‌ തന്നെ. തവളക്കണ്ണന്‍ , വട്ടന്‍, ചെങ്കഴമ എന്നീ നാടന്‍  നെല്ലിനങ്ങള്‍ തികച്ചും ജൈവവളപ്രയോഗത്താല്‍ പച്ച പിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, നാടാകെ കരിമ്പനകള്‍ , തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍, മോടന്‍ നെല്ല് പച്ച പിടിപ്പിച്ച പറമ്പുകള്‍, ചാമ വിതച്ച പറമ്പുകള്‍ എന്നിങ്ങനെ എല്ലാ കാഴ്ചകളും മറക്കാനാകാത്ത പ്രകൃതി ദ്രിശ്യങ്ങള്‍ തന്നെ. വല്ലപ്പോഴും കരി തുപ്പി ഓടുന്ന തീവണ്ടിയും ബസ്സുകളും , കട കട ശബ്ദമുണ്ടാക്കി കടന്നു വരുന്ന തീത്തന്റെ കാളവണ്ടിയും , ഒറ്റപ്പാലത്ത് നിന്ന് വല്ലപ്പോഴും വരുന്ന യൂസഫിന്റെ ഷെവര്‍ലെ ടാക്സി കാറും ഒക്കെ കാണുവാന്‍ ഓടി കൂടുമായിരുന്ന കാലം.
                  വല്ലപ്പോഴും പുര പണിയാന്‍ വേണ്ടി ആരെങ്കിലും കരിമ്പന മുറിച്ചിട്ടാല്‍ മഴുവും വെട്ടുകത്തിയുമായി അതിന്റെ ഇളം തൂമ്പ് പൊളിച്ചെടുത്ത് പച്ചക്ക് തിന്നുന്നതും, അതിന്റെ ആരുള്ള ഭാഗം ഒഴിച്ചുള്ള വെള്ള മാവ് പോലുള്ള ഭാഗം മുറിച്ചെടുത്ത് ഇടിച്ചു വെള്ളത്തിലിട്ടു ഊട്ടി കുഴമ്പു രൂപത്തില്‍ കിട്ടുന്നഎടുത്തു ശര്‍ക്കരയും കൂട്ടി അടുപ്പത്ത് വെച്ചു വിരകി തിന്നാന്‍ തിരക്ക് കൂട്ടുമായിരുന്ന കാലം. ആശാരിമാര്‍ ഉളി വെച്ചു പനയുടെ കഴുക്കോല്‍ ചെത്തുന്നതും മരങ്ങള്‍ ചിന്ദൂരം വെച്ചു മിനുസപ്പെടുത്തുന്നതും നോക്കി നില്‍ക്കാന്‍ എന്ത് രസം. ജലസംപുഷ്ടമായ നിളയും നിറയെ കുളങ്ങളും ഉള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ എല്ലാവരും ചെറുപ്പത്തില്‍ തന്നെ ഒന്നാം തരം നീന്തല്‍ താരങ്ങള്‍! ബാത്ത് റൂം കുളികള്‍ വന്നതിന്റെയും നീന്തല്‍ അന്യം നിന്നതിന്റെയും ദുരന്തങ്ങള്‍ നാം ഇപ്പോള്‍ കാണുന്നുണ്ടല്ലോ. കരിമ്പനുടെ വിത്തുകള്‍ പനംപഴമെന്നു പറയുന്നവ എടുത്തു മഴക്കാലം തുടങ്ങുമ്പോള്‍ മണ്ണില്‍ കുഴിച്ചിട്ടു വേനല്‍ തുടങ്ങുമ്പോള്‍ മുളക്കാന്‍ തുടങ്ങിയ പനകള്‍ എടുത്തു വേവിച്ചു തിന്നാന്‍ ഒരു രസം തന്നെയാണ് . ഇതിനെ കൂമ്പ് എന്നാണു ഞങ്ങള്‍ വിളിക്കുക.
                 വിദ്യാഭ്യാസ കാര്യത്തില്‍ ആവശ്യക്കാരന് പഠിക്കാന്‍ എല്ലാ സൌകര്യവും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. പത്ത് കിലോ മീറ്റര്‍ അകലെ ഒറ്റപ്പാലത്ത് കോളേജും ഗ്രാമാതിര്‍ത്തിയില്‍ തന്നെ രണ്ടു ഹൈസ്കൂളുകളും ഉണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു അന്ന് തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ സൗകര്യമുണ്ടായിരുന്നു. സദനം കുമാരന്‍ എന്ന കൊല്ലാക്കല്‍ കുമാരന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ നടത്തി വന്നിരുന്ന ഗാന്ധി സേവ സദനം എന്ന സ്ഥാപനവും അതിന്റെ കീഴില്‍ നടത്തി വന്നിരുന്ന സ്കൂളുകളും എല്ലാം ഞങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിലെ നേരത്തെ തുടങ്ങിയ  കുതിപ്പാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.കുറച്ചു കൃഷിക്കാരും കൂടുതല്‍ തൊഴിലാളികളും താമസിച്ചു വരുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടിണി അന്യമായിരുന്നില്ല.

ഹിന്ദു മതവും ഇസ്ലാം മതവും വിശ്വസിക്കുന്ന ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ ഗ്രാമം. എവിടെയും സ്നേഹം തുളുമ്പുന്ന വിളിയും സഹായങ്ങളും മാത്രം. ഒന്നിനും ജാതിയും മതവും അതിര്‍വരമ്പുകള്‍ ഇട്ടിരുന്നില്ല. ഇന്നും അങ്ങിനെ തന്നെയാണ്. നാണി വല്യമ്മയും കുട്ടപ്പന്‍ മുത്തപ്പായിയും കുട്ടി അച്ച്ച്ചനും സുലൈമാന്‍ എളാപ്പയും സൈതലവി അമ്മാങ്കയും എല്ലാവര്ക്കും സ്വന്തം. എല്ലാം  പരസ്പരം പങ്കു വെച്ചു സംതൃപ്തമായി കഴിഞ്ഞിരുന്ന കാലം. പഞ്ഞമാസങ്ങളില്‍ കൂലി തൊഴിലാളികളെ അറിഞ്ഞു സഹായിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ . അക്കൂട്ടത്തില്‍ കുമാരന്‍ വൈദ്യര്‍ , കൂത്ത്ര ഭാസ്കരന്‍ മാമ, മുരുകന്‍ വല്യച്ചന്‍ എന്നിവരെയൊക്കെ എങ്ങിനെ മറക്കാന്‍.


ഭാസ്കരന്‍ മാമ
ശുശ്രൂഷാ രംഗത്ത് അക്കാലത്ത് മിലിട്ടറിയില്‍ നിന്ന് സേവനം മതിയാക്കി വന്ന ഡോക്ടര്‍ പി. എം നായര്‍ എന്ന പതിയില്‍ മാധവന്‍ നായര്‍ മരുന്നിന്റെ വില മാത്രം ഈടാക്കി ആതുര ശുശ്രൂഷ നടത്തിയിരുന്നു. ഒറ്റപ്പാലത്ത് നിന്നും സമീപ പ്രദേശമായ കോങ്ങാട് മുതലായ സ്ഥലങ്ങളില്‍ നിന്നുമൊക്കെ രാവിലെ സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ എത്തുമായിരുന്നു. വേണ്ടത്ര വാഹന സൌകര്യമില്ലായിരുന്ന  ആ കാലത്ത് സൈക്കിളിലും  നടന്നു, കാറിലും ഒക്കെ പോയി ഈ ഡോക്ടര്‍ രോഗികളെ നോക്കി ചികില്സിച്ച്ചിരുന്നു. ഇങ്ങിനെ ഒരാളെ ഇന്ന് സങ്കല്പിക്കാന്‍ കൂടി കഴിയുമോ? ഇല്ലാത്ത രോഗത്തിനു സ്കാന്‍ വേണമെന്ന് ചീട്ടെഴുതി രോഗികളെ  പിഴിയുന്ന ഡോക്ടര്‍ വിലസുന്ന നാടാണ് നമ്മുടെ കേരളമെന്നു ഓര്‍ക്കുക. ആയൂര്‍വേദ രംഗത്ത്താനെങ്കില്‍  അക്കാലത്ത് പ്രഗല്ഭാനായിരുന്നു പെരുംപരംപില്‍  സൈതു മുഹമ്മദ്‌  വൈദ്യര്‍.  നാഡി പിടിച്ചു രോഗവും രോഗ നിര്‍ണയവും നടത്തി ചികില്സിച്ച്ചിരുന്നു അദ്ദേഹം. മൂന്നു ദിവസം കഴിഞ്ഞു ചികിത്സ മതിയെന്ന് വൈദ്യര്‍ പറഞ്ഞാല്‍ അതിനുള്ളില്‍ രോഗി മരിക്കുമെന്ന് തന്നെ! സംശയം വേണ്ട. അത്രയും പ്രഗല്ഭന്‍, പാവം. എല്ലാവരും തിരശീലക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. ഇനി അങ്ങിനെ ഒരു കാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ.
                

അക്കാലത്ത് നേരത്തെ സൂചിപ്പിച്ച ഗാന്ധി സേവാ സദനം എന്ന സ്ഥാപനത്തിന്റെ നേതാവ് ശ്രീ. കെ. കുമാരന്റെ പരിശ്രമ ഫലമായി കേളപ്പന്‍ മെമ്മോറിയല്‍   ഹോസ്പിറ്റല്‍ എന്നപേരില്‍ ഒരു ആശുപത്രി ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്ത്തനമാരംഭിച്ച്ചിരുന്നു. അത് ഇപ്പോഴും ഉണ്ട്. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമാണ്‌. ഇപ്പോള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ രണ്ടു ഗവര്‍മെന്റ് ആശുപത്രികളും, ഒരു സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ഒരു ആയൂര്‍വേദ ആശുപത്രിയും ഉണ്ട്. ഹെല്‍ത്ത് സെന്റെരുകള്‍ വേറെയും. 
ഞങ്ങളുടെ ഗ്രാമത്തിനു എങ്ങിനെ ഈ പേര് വന്നു എന്ന് നോക്കേണ്ടേ! പറയാം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം നേടി എടുത്തപ്പോള്‍ എന്തായാലും സ്ഥല നാമങ്ങള്‍ അദ്ദേഹം തന്നിരിക്കാനിടയില്ല. പില്‍ക്കാലത്ത് താമസം തുടങ്ങിയ ജനങ്ങള്‍ക്കിടയിലെ ജെന്മിമാരും ഭൂപ്രഭുക്കളും മാടമ്പിമാരുമൊക്കെ ആയിരിക്കും പേര് വെച്ച്ചിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഒരു ശിവ ക്ഷേത്രമുണ്ട്. കയ്പയില്‍ മഹാ ദേവ ക്ഷേത്രം. ശിവനെ മഹാ ദേവനേന്നും പെരിയവര്‍ എന്നൊക്കെ പറയും. അങ്ങിനെ പെരിയവര്‍ വാഴുന്ന ഊര് പെരിയവരൂര് എന്നാവുകയും അത് ലോപിച്ചു പേരൂര്‍ ആയി ചുരുങ്ങുകയും ചെയ്തു. ബ്രിട്ടീഷുകാരന്‍ ട്രിച്ചൂര്‍ എന്ന് വിളിച്ചിരുന്ന സ്ഥലം ത്രിശിവ പേരൂര്‍ ആയിരുന്നല്ലോ. ലോപിച്ച്ച  വാക്കുകള്‍ കണക്കാക്കാതെ നമുക്ക് അതിനെ ത്രിശിവ പേരൂര്‍ എന്ന് വിളിക്കാന്‍ ഭാഗ്യം നല്‍കാതെ വെറും തൃശൂര്‍ എന്നാക്കി കളഞ്ഞു. തിരുവനന്തപുരമെന്നു വിളിച്ച നമുക്ക് ആ പരമാത്മാവിന്റെ  പൂര്‍ണ നാമത്തില്‍ തന്നെ വിളിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ നടന്നില്ല. നമ്മള്‍ അത്രയ്ക്ക് അക്ഷരാഭ്യാസമില്ലാത്തവരാണോ? 


കയ്പയില്‍ മഹാദേവ ക്ഷേത്രം
എന്‍റെ ഗ്രാമം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ലക്കിടി പേരൂര്‍ പഞ്ചായത്തിലാണ്. ഈ പേര് തന്നെ രണ്ടു പേരുകള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയതാണെന്ന് കേട്ടാല്‍ തന്നെ മനസ്സിലാകും. പണ്ടത്തെ ലക്കിടി എന്നും പേരൂര്‍ എന്നും പേരുള്ള നാട്ടു പഞ്ചായത്തുകള്‍ യോജിപ്പിച്ചു പഞ്ചായത്ത് സംയോജനം നടത്തിയപ്പോള്‍ രണ്ടു വിഭാഗവും താന്താങ്ങളുടെ പേര് വേണമെന്ന് വാശിയില്‍ നിന്നു.  സമരവും തുടങ്ങി. ഉടനെ അധികൃതര്‍ രണ്ടും കൂടി ചേര്‍ത്ത് ലക്കിടി പേരൂര്‍ എന്നാക്കി രണ്ടു കൂട്ടരെയും വിജയിപ്പിച്ചു. പാലക്കാട് ജില്ലയിലെ തന്നെ ചിറ്റൂര്‍ തത്തമംഗലം മുനിസിപാലിറ്റി പോലെ. എല്ലാ സ്ഥല നാമങ്ങള്‍ക്ക് പിന്നിലും ഇങ്ങിനെയൊക്കെ ഓരോ കാര്യങ്ങള്‍ ഉണ്ടാകും. ഒറ്റയ്ക്ക് ഒരു പാല മരം നിന്നിരുന്ന സ്ഥലം ഒറ്റപ്പാലമായും പാലയുടെ അപ്പുറത്തെ സ്ഥലം പലാപ്പുറമായും, തെക്കോട്ട്‌ നോക്കിയിരിക്കുന്ന തേവര്‍ തേന്‍ നോക്കി തെവരായത് പോലെയും പിന്നീട് ലോപിച്ചു ചിനക്കത്തൂര്‍ ആയതുപോലെയും മറ്റും. ഇന്ന് വള്ളുവനാടിന്റെ പൂരം ചിനക്കത്തൂര്‍ പൂരമാണ്‌.

ലക്കിടി എന്ന സ്ഥല നാമത്തിനു പിന്നിലുമുണ്ട് ഇങ്ങിനെയൊരു കഥ. 1700 കളുടെ അവസാന പകുതിയില്‍ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ പടയോട്ടം നടത്തിക്കൊണ്ടിരിക്കെ പാലക്കാട് ഒരു കോട്ട പണിയുന്നു. സൈന്യത്തിന് അന്ന് വിറകു ശേഖരിക്കാന്‍ സൌകര്യമായി കണ്ടത് അന്നത്തെ മുഴുവന്‍ കാടായി കിടന്നിരുന്ന ഞങ്ങളുടെ പ്രദേശം. അവരാണ് വിറകു എന്ന അര്‍ഥം വരുന്ന ഹിന്ദി പറഞ്ഞു ഈ പ്രദേശത്തെ ലക്കിടി ആക്കിയത് എന്നാണു പറയുന്നത്. ഇവിടെയുള്ള പ്രാദേശിക സ്ഥലനാമങ്ങളും ഈ പ്രദേശം മുന്‍പ് കാടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അതിര്‍ക്കാട് , കൊട്ടക്കാട്, വടക്കേക്കാട്, നായാടിക്കുണ്ട്, പണ്ടാറക്കാട്, തെക്കെക്കാട്, അന്ടിക്കാട്, പറങ്കി ക്കാട്, കുണ്ടുകാട്, എന്നിങ്ങനെയാണ്. കൂടാതെ പഴയലക്കിടി എന്ന സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ്‌ മൌലാനാ എന്ന സൂഫി വര്യന്‍ അറിയപ്പെടുന്നത് "കാട്ടിലെ തങ്ങള്‍" എന്ന പേരിലാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ മഖ്ബറ മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള മാമ്പ്ര എന്ന സ്ഥലത്ത്താനെന്നും, ദീര്‍ഘ കാലം താമസിച്ചിരുന്നത് ഇവിടെയായതുകൊണ്ട് രണ്ടു സ്ഥലത്തും അദ്ദേഹത്തിനു മഖ്ബറ ഉണ്ടായിരിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതായും പഴമക്കാര്‍ പറയുന്നു. ഇന്നത്തെ ഈ പഴയലക്കിടി എന്ന പ്രദേശ ത്തെയാണ്‌ ടിപ്പു സുല്‍ത്താന്‍ ലക്കിടി എന്ന് വിളിച്ചത്.ഇനി ഇത് പഴയലക്കിടി ആയതിനു പിന്നിലുമുണ്ടൊരു കഥ. കൊച്ചിന്‍ മദ്രാസ് റെയില്‍പാത ഞങ്ങളുടെ ഗ്രാമം കടക്കുമ്പോള്‍ ലക്കിടി എന്ന് പറയുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ കാണാം. ഇതിന്റെ സ്ഥാപന സമയത്ത് ഇതിനു ലക്കിടി എന്ന് പേര് വെച്ചു. രണ്ടു ലക്കിടി ഉണ്ടാവാന്‍ പറ്റാത്തതുകൊണ്ട് ആദ്യത്തെ ടിപ്പു വിളിച്ച ലക്കിടി പഴയലക്കിടിയായി. അവിടെയും ഒരു അക്കിടി ഇല്ലേ എന്ന് സംശയം. ഡല്‍ഹിയും ന്യു ഡല്‍ഹിയും പോലെയാണെങ്കില്‍ ലക്കിടിയും പുതിയ ലക്കിടിയുമാണ് ആവെണ്ടിയിരുന്നത്.


കാട്ടിലെ തങ്ങള്‍ മഖാം
പഴയ ലെക്കിടി ജുമാ മസ്ജിദ്
                          യഥാര്‍ത്ഥത്തില്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന പ്രദേശത്തിന് മഹാദേവന്റെ അനുഗ്രഹം കൊണ്ട് സമ്പുഷ്ടമായ കിള്ളിക്കുരുശി മംഗലം എന്നോ, ആഗോള പ്രശസ്തനായ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തിന് അദ്ദേഹത്തിന്റെ നാമമോ ആണ് ഏറ്റവും യോജിച്ചത്. പക്ഷെ സായിപ്പിന് എന്ത് മഹാദേവന്‍, എന്ത് കുഞ്ചന്‍ നമ്പിയാര്‍. അല്ലെ? 
                        
സ്ഥല നാമങ്ങളൊക്കെ നിശ്ചയിച്ചിരുന്നത് പ്രഭുക്കന്മാരും ജെന്മിമാരുമോക്കെയാനെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. അവരെല്ലാം പേരുകൊണ്ട് പോലും അവരോളം എത്താന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഉദാഹരണത്തിന് ഇല്ലങ്ങളിലെ പാര്‍വതിയും ശ്രീദേവിയുമൊക്കെ മാടത്തില്‍ ജനിച്ചാല്‍ പാറുവും ചിരുതയുമായിരിക്കണം. പണ്ട് ജെന്മിമാര്‍ പണിക്കു വേണ്ടി ആളുകളെ കൊണ്ടുവന്നു സ്ഥലം നല്‍കി താമസിപ്പിച്ചു ജോലി എടുപ്പിക്കുമായിരുന്നു. രസകരമായ ഒരു കഥ പറയാം. അങ്ങിനെ കൊണ്ട് വന്ന ഒരു ഹരിജന്‍ രക്കന്‍ എന്ന ആള്‍ താമസിച്ചിരുന്ന സ്ഥലം സാമാന്യം ഉയര്‍ന്ന സമുദായംഗമായ ഒരു വിഭാഗം വാങ്ങിച്ചു. രക്കന്‍ സ്ഥലം വിടുകയും ചെയ്തിരുന്നു. വീട്ടു പേര് തമ്പുരാന്റെ രേഖകളില്‍ രക്കന്റെ " കിഴക്കേ ചാള" എന്ന് തന്നെ. ഇത് മോശമായി കണ്ട സ്ഥലത്തിന്റെ ഉടമസ്ഥന്‍ തന്പുരാനെ കണ്ടു ആവലാതി പറഞ്ഞപ്പോള്‍ തമ്പുരാന്‍ ഉടന്‍ കാര്യസ്ഥനെ വിളിച്ചു. "രാമാ , ഇവന്‍ താമസിക്കുന്ന സ്ഥലത്ത് മുന്‍പ് ആരായിരുന്നു?"    കാര്യസ്ഥന്‍ "രക്കന്‍ ആയിരുന്നെ"    തമ്പുരാന്‍: " ശെരി, രാമാ ഇവന്റെ വീട്ടുപേര് ഇനിമുതല്‍ രക്കനാ തൊടി എന്ന് മാറ്റിക്കൊടുത്തെക്കൂ"

എന്‍റെ ഗ്രാമത്തിലെ അന്ന് പേര് കേട്ട ജെന്മി കുടുംബമായിരുന്നു മുളഞ്ഞൂര്‍ മൂത്താട്ട് എന്ന് പേരുള്ള പേരൂര്‍ നായര്‍ വീട്. ഇളം തലമുറയിലെ ആളുകള്‍ കേശവനുന്നി മൂപ്പില്‍ നായര്‍, കണ്ണനുണ്ണി മൂപ്പില്‍ നായര്‍ എന്നിവരായിരുന്നു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്നിട്ടിരങ്ങിയിരുന്ന മഹാരഥന്മാര്‍ . ഞങ്ങളുടെ ഗ്രാമത്തില്‍ സുഗമമായി നടക്കുന്ന പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍ എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ ഇവരുടെ വകയാണ്. കഴിഞ്ഞ കൊല്ലം ഈ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു . നായര്‍ വീട്ടില്‍ ശശികുമാരന്‍ നായരാണ് ഇപ്പോള്‍ മാനേജര്‍. 


പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍
                         ഞങ്ങളുടെ നാട്ടില്‍ പ്രധാനമായി നടക്കുന്ന ഉത്സവങ്ങള്‍ അകലൂര്‍ കാവിലും കൈപയില്‍ കാവിലും നടക്കുന്ന താലപ്പൊലിയും, പഴയലക്കിടി കാട്ടില്‍ തങ്ങള്‍ മഖാമില്‍ നടക്കുന്ന ഉറൂസും ആണ്. ജാതിമത ഭേദമെന്യേ എല്ലാവരും ഒത്തോരുമിച്ച്ചാണിത്  നടക്കുന്നത്.  പല്ലാര്‍ മംഗലം ലിഫ്റ്റ്‌ , പള്ളം തുരുത്ത് ലിഫ്റ്റ്‌ തുടങ്ങിയ ഇരിഗേഷനുകളും മലമ്പുഴ ജലസേചന കനാലും ഞങ്ങളുടെ കൃഷി ഇടങ്ങളെ നീരണിയിക്കുന്നു.
                     



മലമ്പുഴ കനാല്‍


കുഞ്ചന്‍ സ്മാരകം

 ഞങ്ങളുടെ പഞ്ചായത്ത് മഹാ കവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മം കൊണ്ട് സമ്പന്നമാണ്. മേയ് 5 കുഞ്ചന്‍ ദിനമായി ആഘോഷിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു പഞ്ചായത്താണ് ഞങ്ങളുടേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂക്കു സഭ നിലവില്‍ വരികയും ചില അട്ജെസ്റ്മെന്ടു പ്രകാരം ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന പൊതു പ്രവര്‍ത്തനങ്ങളുടെയും മറ്റും ഫലമായി അന്നുണ്ടായിരുന്ന നാട്ടു വഴികള്‍ മുഴുവന്‍ ഇന്ന് ടാറിട്ട റോഡുകള്‍ ആകുകയും , പാലക്കാട് പൊന്നാനി റോഡു കുളപ്പുള്ളി വരെ ഹൈവെ ആകുകയും ചെയ്തു. വെള്ളവും വെളിച്ചവും എത്താത്ത സ്ഥലമില്ല. ഓല മേഞ്ഞ വീടുകള്‍ അപ്രത്യക്ഷമായി. പകരം ഓടിട്ട വീടുകളും ധാരാളം വാര്‍ക്ക കെട്ടിടങ്ങളും ഉണ്ടായി. ഉള്‍നാടന്‍ ഭാഗത്തേക്ക് കൂടി ഇപ്പോള്‍ ബസ് സൌകര്യമുണ്ട്. ഏഴോളം ബാങ്ക് ബ്രാഞ്ചുകള്‍ ഞങ്ങളുടെ പണം സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക് കടം കൊടുക്കാനും പരസ്പരം മത്സരിച്ചു ഇന്ന് ഇവിടെയുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരോടുമൊപ്പം ഞങ്ങളും മുന്നോട്ട് .....മുന്നോട്ട്.....മുന്നോട്ട്    മുന്നോട്ട് മുന്നോട്ട്!