Monday, January 31, 2011

ഹൈവേ

പാലക്കാടുകാരനായ ഞാന്‍ റോഡുമാര്‍ഗം തിരുവനന്തപുരത്തിനു പലതവണ യാത്ര ചെയ്തിട്ടുന്കിലും വടക്കന്‍ മലബാറിലേക്ക് അധികം യാത്രകള്‍ റോഡുമാര്‍ഗം നടത്തിയിട്ടില്ല. ഈ കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ ഖാദിരിയ്യ ത്വരീഖത്ത്തിന്റെ ആത്മീയാചാര്യന്‍ ശൈഖുനാ അസ്സയ്യിദ് യു. പി. മുഹമ്മദ്‌ ഖാസിം തങ്ങള്‍ (ഖ.സി) അവര്‍കളുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി സുഹൃത്തുക്കളായ ഹാജി. ഉണ്നീന്കുട്ടി സാഹിബ്, (റിട്ടയേഡ് സി.ഐ. എക്സൈസ് ), ഹാജി. തറമ്മല്‍ ആറ്റക്കോയ എന്നിവരോടൊപ്പം കാറില്‍ കാസര്‍ഗോഡ്‌ വരെ ഒരു യാത്ര വേണ്ടിവന്നു. വികസനത്തിന് വേണ്ടി മുറവിളി കൂട്ടുകയും സ്വയം വികസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഭരണക്കാരുടെയും ഭരണീയരുടെയും ഇടയില്‍ സ്വയം വീര്‍പ്പുമുട്ടി, മോചന യാത്രയും രക്ഷാ യാത്രയും നെഞ്ചിലേറ്റി കിടക്കുന്ന ഇടുങ്ങിയ നമ്മുടെ വടക്കേ മലബാറിന്റെ തീരദേശ ഹൈവേ  നമ്പര്‍ 17. താങ്ങാനാവാത്ത വിധം ബോര്‍ഡുകളും, കമാനങ്ങളും,തോരണങ്ങളും, പേറി ലക്ഷക്കണക്കിന്‌ വാഹനങ്ങളെയും കടത്തിവിടാനായി സ്വയമര്‍പ്പിച്ചു വളഞ്ഞു പുളഞ്ഞു ഞെളിപിരികൊണ്ടു എനിക്കെന്നു മോചനം? എനിക്കെന്നു വികസനം? എന്നുരുവിട്ടുകൊണ്ട്‌ കിടക്കുന്ന ആ കാഴ്ച പരമദയനീയം തന്നെ. മോചകരും, രക്ഷകരുമോന്നും എന്നെ കാണുന്നതെയില്ലല്ലോ ?
വിദേശാധിപത്യം തുടങ്ങാന്‍ കാരണക്കാരനായ വാസ്കൊടഗാമ കപ്പലിറങ്ങിയ കോഴിക്കോടും, വിദേശ ആധിപത്യതോട് ശക്തമായി പ്രതികരിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തട്ടകവും, തച്ചോളി മാനിക്കൊത്ത് ഒതെനക്കുറുപ്പിന്റെയും, ആരോമാല്ചെകവരുടെയും, ഉണ്നിയാര്ച്ച്ചയുടെയും , ഓര്‍മ്മകള്‍ ഉറങ്ങുന്ന ലോകനാര്‍ കാവിലമ്മ  യുടെ  തട്ടകത്തിലൂടെയും,അറക്കല്‍ ബീവിയുടെയും,  ഒളിന്പ്യന്‍ പി റ്റി  ഉഷയുടെയും, സൂഫി വര്യന്മാരായ മാലിക് ദീനാര്‍, ഉള്ളാല്‍ മുഹമ്മദ്‌ മദനി തങ്ങള്‍,കുമ്പള ശൈഖുനാ മുഹമ്മദ്‌ കാസിം തങ്ങളുടെയും സ്ഥലങ്ങള്‍ കടന്നു അങ്ങ് മംഗലാപുരം എത്തുന്ന ഹൈവേ 17.

                            ഈയടുത്ത കാലത്താണ് റെയില്‍വേ ഗെയിറ്റുകള്‍ മാറ്റി ഏതാനും മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്. ദിവസവും ലക്ഷകണക്കിന് വാഹനങ്ങള്‍ റോഡില്‍  ഇറങ്ങുന്ന കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് എന്തിനിത്ര കുടുസ്സായ മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കി. റോഡിനെക്കാള്‍ കഷ്ട്ടമാണ് മേല്‍പ്പാലങ്ങളുടെ അവസ്ഥ. വികസനം മുന്പില്‍കണ്ടുകൊണ്ട് കുറേക്കൂടി വീതി കൂടിയ മേല്‍പാലങ്ങള്‍ ആവാമായിരുന്നില്ലേ? എന്‍റെ സംശയത്തിനു സുഹൃത്ത് ഉണ്നീന്കുട്ടി ഹാജി പറഞ്ഞതിങ്ങിനെ. "ഒരുപക്ഷെ വീതി കുറഞ്ഞ റോഡില്‍ വീതികൂടിയ മേല്‍പ്പാലം ഉണ്ടാക്കാന്‍ നിയമ തടസ്ഥമുണ്ടാകും . അതായിരിക്കാം വീതി കുറഞ്ഞു പോയത്." അങ്ങിനെയെങ്കില്‍ ഈ നിയമവും നിയമനിര്‍മാണവും ഒക്കെ ആര്‍ക്കു വേണ്ടിയാണ്.  അതവിടെ ഇരിക്കട്ടെ! എല്ലാ പാലങ്ങളുടെയും തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്ലാബുകള്‍ യോജിപ്പിക്കുന്ന ഭാഗങ്ങളില്‍ വണ്ടികള്‍ കട കട ശബ്ദത്തോടെ ചാടുന്ന ഒരവസ്ഥ ഉണ്ട്. മുപ്പതും  നാല്‍പ്പതും ടെന്‍ ഭാരവും കയറ്റി വരുന്ന വാഹനങ്ങള്‍ പാലത്തില്‍ ഇങ്ങിനെ ചാടിയാല്‍ പാലത്തിനു ബലഹീനത ഉണ്ടാകില്ലേ? എന്നും എനിക്ക് സംശയം. ഇതിനു മറുപടി തന്നത് എന്‍റെ സുഹൃത്ത് ഹാജി. ആറ്റക്കോയ സാഹിബ് ആണ്.  "അതൊക്കെ എന്ജിനീയറിംഗ് ടെക്നോളജി ആവും . നമുക്ക് അതൊന്നും വശമില്ലല്ലോ" എന്നാണു. ആണോ? എനിക്ക് സംശയം തീര്‍ന്നില്ല. കാരണം ഇതുപോലെ വേറെയും ഒരുപാട് മേല്‍പാലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവയിലൊന്നും ഈ ചാട്ടമില്ല. വീണ്ടും  ആറ്റക്കോയ സാഹിബ് വിശദീകരിച്ചു. ഡ്രൈവര്‍ ശ്രദ്ധിച്ചു വണ്ടി ഓടിക്കാനും സ്പീട് കൂട്ടി പാലത്തില്‍ പോകാതിരിക്കാനും വേണ്ടിയാണെന്നും യാത്രയിലെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വണ്ടി ഓടിച്ച്ചിട്ടില്ലാത്ത്ത ആറ്റക്കോയ സാഹിബ് പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടാല്‍ അല്ഭുതമില്ലല്ലോ? കാരണം കേരളത്തിലെ മറ്റേതൊരു റോഡിനെക്കാളും ശ്രദ്ധയോടെ മാത്രമേ ഈ റോഡില്‍ യാത്ര സാദ്ധ്യമാവൂ എന്ന് എനിക്കറിയാമല്ലോ! രാത്രിയില്‍ പോലും പാളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ആണ്. ഇതിനിടയില്‍ കുരുക്കഴിക്കാന്‍ രാപകലില്ലാതെ കഷ്ട്ടപ്പെടുന്ന നിയമപാലകരുടെ കഷ്ട്ടം  പറയേണ്ടതില്ല. പകല്‍ സമയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളെയും വയസ്സായവരെയും സ്ത്രീകളെയും വാഹനം തടഞ്ഞു നിര്‍ത്തി റോഡു മുറിച്ചു കടക്കാന്‍ സഹായിക്കുന്നവരെയും , വേണമെങ്കില്‍ കടന്നോട്ടെ എന്ന ഭാവത്തില്‍ സുഹൃത്തിനോട് വാചകം അടിച്ചു നില്‍ക്കുന്നവരെയും നിയമപാലകരുടെ വേഷത്തില്‍ കണ്ടില്ല എന്ന് പറയാനാകില്ല.
                        ഇതിനിടയില്‍ എന്ന് മുതലാണ്‌ ഓടുന്ന വാഹനത്തിന്റെ ഇടതു ഭാഗത്ത് കൂടെ കയറി ഓവര്‍ ടെയിക്ക്  ചെയ്യുന്ന ഒരു പ്രവണത തുടങ്ങിയതെന്ന് കൃത്യമായി ഓര്‍മയില്ല. ആട്ടോരിക്ഷകളും, ടൂ വീലറുകളും വ്യാപകമായതോട് കൂടിയായിരിക്കണം. ഇപ്പോള്‍ എല്ലാ വാഹനവും ഇങ്ങിനെ ചെയ്യാം എന്നായിട്ടുണ്ട്. ഇതിന്റെ അപകട സാദ്ധ്യത ആരും കാണുന്നില്ല. പിന്‍ചക്ക്രത്തില്‍ കുടുങ്ങി ജീവിതത്തിനു വിരാമം കണ്ടെത്താന്‍ ഇത് വളരെ സൌകര്യമാണ്. നിയമ പാലകര്‍ക്കോ സര്‍ക്കാരിനോ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യാപകമായി ഇത് കണ്ടുവരുന്നു. പിന്നൊരു കാഴ്ച തെക്കോട്ടും വടക്കോട്ടും പോകുന്ന ബസ്സുകള്‍ ഒരേ സ്ഥലത്ത്  ഇടതുവശവും വലതുവശവും നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതി. ഇതും വ്യാപകമാണ്. പിന്നില്‍ നിയമപാലകരുടെ വണ്ടിയായാലും, ആംബുലന്‍സ് ആയാലും അവര്‍ക്ക് വിരോധമില്ല. . കാരണം അവര്‍ക്ക് സ്വാധീനമുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് അതിനൂ ന്യായീകരനമുണ്ട്.
             വാഹനമോടിക്കുന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് റോഡു നിയമങ്ങള്‍ അറിയാമെന്നതിനെ കുറിച്ചു ഒരു നിശ്ചയവുമില്ല. ഇന്ടിക്കെടര്‍ സംവിധാനം വരുന്നതിനു മുന്‍പ് കൈ കൊണ്ട് സിഗ്നല്‍ നല്‍കിയാണ്‌ ഡ്രൈവര്‍മാര്‍ തന്‍റെ  ദിശകള്‍ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ടികെട്ടര്‍ വന്നപ്പോള്‍ ഇത് മാറി. ഇത് എപ്പോള്‍  ഏതു സമയത്ത് എങ്ങിനെയൊക്കെ പ്രവര്‍ത്തിക്കണമെന്ന് അധികം പേര്‍ക്കും വശമില്ല. വലതു വശം തിരിയുവാന്‍ ഉപയോഗിക്കുന്ന അതെ സംവിധാനം തന്നെ പിന്നിലുള്ള വണ്ടിക്കാര്‍ക്ക്‌ കടന്നു പോകാന്‍ അനുവാദം കൊടുക്കുവാനും ഉപയോഗിച്ചു കാണുന്നു. പലരും തിരിഞ്ഞു കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത് തന്നെ. പിന്നിലെ വണ്ടിക് ബുദ്ധിമുട്ട് കൂടാതെയും തനിക്കു വിഷമം ഇല്ലാതെ കടക്കുവാനും വേണ്ടിയാണ് ഈ സംവിധാനമെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഉപയോഗപ്പെടുത്താതെ  ഞാന്‍ നിയമം പാലിച്ചല്ലോ എന്നാണു ഇവരുടെ മനസ്സിലിരുപ്പ്. വണ്ടി ഓടിക്കുന്നതില്‍  മദ്യപിച്ചു മന്ദബുദ്ധിയായവരെയും മൊബൈല്‍ ഫോണ്‍ ചെവിയില്‍ കയറ്റി തല ചെരിച്ചു കസര്‍ത്ത് കാട്ടുന്നവരെയും പിടി കൂടി ശിക്ഷിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല.
                  മാഹിയുടെയും തലശേരിയുടെയും ഇടയിലൂടെ തട്ടാതെ, മുട്ടാതെ എവിടെയും ഉരസലോന്നും കൂടാതെ കാസര്‍ഗോഡ്‌ എത്തിയതിന്റെ ആശ്വാസം തോന്നിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ അപകടത്തിനു കാരണമെന്ന് പലപ്പോഴും പറയാറുണ്ട്‌. സത്യത്തില്‍ റോഡു മോശമായാല്‍ സ്പീട്  കുറയുകയും അപകടങ്ങള്‍ ഇല്ലാതിരിക്കുകയുമല്ലേ വേണ്ടത്? പക്ഷെ ഇവിടെ അതില്ല. ഇനി റോഡു നന്നായി പണിതാലോ അപകടത്തിനു വല്ല കുറവുമുണ്ടോ? അപ്പോഴും അപകടത്തിന്റെ പൂരമല്ലേ! ഈയിടെ ഞങ്ങളുടെ നാട്ടിലൂടെ പണിത ഒരു ഹൈവേ 45 കിലോമീറ്റര്‍ മുഴുവന്‍ ഗതാഗത യോഗ്യമാവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ സ്ഥാപിതമായ സ്പീഡ് ബ്രേയ്ക്കരുടെ എണ്ണം  പതിനഞ്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കപ്പെട്ടവ കൂടാതെ നാട്ടുകാര്‍ ചോദിച്ചും സമരം ചെയ്തും നേടി സ്ഥാപിച്ച്ചവയും ഈ കൂട്ടത്തിലുണ്ട്. ഈ നിയന്ത്രണങ്ങള്‍ എല്ലാം വീണ്ടുവിചാരമില്ലാതെ വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ കാട്ടിക്കൂട്ടിയ കോപ്രായം കൊണ്ട് അവര്‍ തന്നെ ചോദിച്ചു വാങ്ങിയ സ്വയം കെണികള്‍ ആണെന്നല്ലാതെ എന്ത് പറയാന്‍. കാല്‍ നട യാത്രക്കാരുടെയും അന്യവാഹനങ്ങളുടെയും അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തു മര്യാദക്ക് വണ്ടി ഓടിക്കുവാന്‍, നിയമങ്ങള്‍ പാലിക്കുവാന്‍, അനുസരിക്കുവാന്‍, നിയമം കൊണ്ട് ഒരു സര്കാരിനും കഴിയില്ല. ബോധവല്കരണം വേണമെന്ന് പറയുന്നു. അതിനൊക്കെ ബോധാവല്കരിക്കാന്‍ ബോധം ആര്‍ക്കൊക്കെയുണ്ട്?
                "മര്യാദക്കാരനും, മര്യാദക്കാരനും മൂന്നു വഴി. മര്യാദക്കാരനും മര്യാദയില്ലാത്തവനും രണ്ടു വഴി. മര്യാദയില്ലാത്തവനും മര്യാദയില്ലാത്തവനും ഒരു വഴി."
                 ഇങ്ങിനെ ഒരു ചൊല്ലുണ്ട്. പണ്ടത്തെ നാട്ടു വഴികള്‍ ആണ് വിവക്ഷ. രണ്ടു മര്യാദക്കാര്‍ പരസ്പരം നാട്ടു വഴിയിലൂടെ ക്രോസ് ചെയ്യുമ്പോള്‍ രണ്ടു പേരും സാമാന്യം ഒതുങ്ങി കടന്നു പോകുമ്പോള്‍ നടുവിലൂടെ മറ്റൊരാള്‍ക്ക് കൂടി കടന്നു പോകുവാന്‍ ആ ഇടുങ്ങിയ വഴി ഉപയോഗപ്പെടുത്താം എന്ന് സാരം. ബാക്കി വായനക്കാര്‍ ഊഹിച്ചാല്‍ മതി!
                   അങ്ങോട്ട്‌ രാത്രി യാത്രയില്‍ കാസര്‍ഗോഡ്‌ എത്താന്‍ 7 മണിക്കൂര്‍. ഇങ്ങോട്ട് പകല്‍ യാത്രയില്‍ അതെ ദൂരം 11 മണിക്കൂര്‍. തിരിച്ചു വരുമ്പോള്‍ വണ്ടിയില്‍ പ്രായം ചെന്ന വയസ്സന്‍ സേയ്താലിക്കയും കൂടെയുണ്ട്. മാഹി കടന്നു പോകുമ്പോള്‍ ഇന്ധനം അവിടെ നിന്ന് വില കുറഞ്ഞു കിട്ടുമെന്ന് ഉണ്ണീന്‍ കുട്ടി ഹാജി പറഞ്ഞതനുസരിച്ച് അവിടെ നിര്‍ത്തി. രണ്ടു ഭാഗത്തും നിര നിര യായി മദ്യ വില്പനശാലകള്‍! മരുന്ന് കടകള്‍ ആണെന്നാണ്‌ പാവം സെയ്താലിക്ക കരുതിയത്! എന്ത് മരുന്നായിരിക്കുമെന്നു സെയ്താലിക്കായുടെ അന്വേഷണത്തിന് ആറ്റക്കോയ ഹാജി പറഞ്ഞത് അതൊക്കെ അത്തര്‍ കുപ്പികള്‍ ആണെന്നാനെ. " ന്റെ റബ്ബേ! ഇത്രയൊക്കെ അത്തര്‍ ഇവര്‍ക്ക് കുളിക്കാനാണോ? ഇത്രയ്ക്കു നാറ്റം കൂടിയ ആളുകള്‍ ആണോ ഇവിടെയുള്ളവര്‍!" സെയ്താലിക്കയുടെ ആത്മഗതം! കുറെ കഴിഞ്ഞു ഉണ്ണീന്‍ കുട്ടി ഹാജിയാണ് സെയ്താലിക്കാക്ക് ശെരിക്കുള്ള ഉത്തരം നല്‍കിയത്.
                       ആറ്റക്കോയ ഹാജി ആവശ്യപ്പെട്ട പ്രകാരം ഒരു കട്ടന്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു തട്ട്ടു കടയുടെ അടുത്ത് വണ്ടിനിര്‍ത്തി , തൊട്ടടുത്ത്‌ ഒരു കോഴിക്കട. അവിടെ ഒരു ബോര്‍ഡ്. അതില്‍ ഇങ്ങിനെ ഒരു അറിയിപ്പ്. ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനയുടെയാണ്. അതില്‍ പറയുന്നത് ഇങ്ങിനെ."നിങ്ങള്‍ കോഴി ഇറച്ചിക്ക് നല്കുന്നവില ഒരുപാട് കൂടുതല്‍ ആണ്. ഇത് കേരള സര്‍ക്കാര്‍ കോഴിക്ക് 12.5 % നികുതി ചുമത്തിയത് കൊണ്ടാണെന്നും ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല എന്നും പാവങ്ങളുടെ പോഷകാഹാരമായ കോഴി ഇറച്ചിക്ക് അന്യായമായി ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നും" ആണ്. എന്തൊരു ഉപഭോക്തൃ സ്നേഹം അല്ലെ! ഇത് പ്രകാരം ഒരു കോഴിക്ക് ചുരുങ്ങിയത് 10 രൂപ വെച്ചെങ്കിലും കേരളത്തിന്റെ ഖജനാവില്‍ എത്തേണ്ടതാണ്. കേരളത്തില്‍ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന ലക്ഷകണക്കിന് കോഴികള്‍ക്ക് ഈ തോതില്‍ കണക്കാക്കി കോടികള്‍ എത്തെണ്ടാതല്ലേ! ഉണ്ടാവില്ല. എന്ന് തന്നെ തോന്നി. ഇതൊന്നു പങ്കുവെക്കാന്‍ ഉണ്നീന്കുട്ടി ഹാജിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിടിപ്പിക്കാന്‍ ഈ ലേഖനം തികയില്ല.
                       വരുമ്പോള്‍ കണ്ട മറ്റൊരു കാര്യം പാപ്പിനിശ്ശേരി കനടല്‍ പാര്‍ക്ക്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ ഈ പരിത:സ്ഥിതി വന്നു പോയതില്‍ വിലപിക്കുന്നോ? അതോ സന്തോഷമാണോ? അറിയില്ല!
                      കേരളത്തിന്റെ റോഡുകളുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈ ക്കോടതി പോലും പലപ്രാവശ്യവും ഇടപെട്ടിട്ടുണ്ട്!
                       കേരളത്തില്‍ ഹൈ വേ കളുടെ വീതി കഴിയുന്നത്ര ചുരുക്കി നിശ്ചയിച്ചു കിട്ടാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്!
                      കേരളത്തിനു വേണ്ടി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല! കേന്ദ്രം!
                      കേരളത്തില്‍ മാത്രമായി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല. കേരള സര്‍ക്കാര്‍!
             ഇതൊക്കെ സ്മാര്‍ട്ടായി മുന്നോട്ടു പോകുവാന്‍ ഇനിയുംത്ര മോചന രക്ഷാ യാത്രകള്‍ വേണ്ടിവരും! പ്രതീക്ഷകളോടെ! 

No comments:

Post a Comment