Tuesday, March 1, 2011

അടിയന്തരാവസ്ഥ

1975 ജൂണ്‍ 25 . അന്നാണ് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. വാര്‍ത്തകള്‍ക്ക് നിരോധനവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്ന കാലം. അറിയേണ്ടതോന്നും അറിയേണ്ട സമയത്ത് അറിയേണ്ടവര്‍ അറിയാന്‍ കഴിയാത്ത കാലം. കാര്യങ്ങള്‍ എല്ലാം ഭംഗിയായും കൃത്യമായും നടക്കുന്നു എന്ന് ഒരു വിഭാഗവും ഒന്നും നടക്കുന്നില്ല എന്നും പകരം പീഡനം ആണ് നടക്കുന്നതെന്ന് മറ്റൊരു വിഭാഗവും പരസ്പരം പഴി ചാരി നടന്നിരുന്ന കാലം. ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പതു ജോലി ഉണ്ടാക്കിയിരുന്ന കാലം. നീണ്ട 21 മാസങ്ങള്‍ക്ക് ശേഷം 1977 മാര്ച് 21 നു അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ്  സംഭവിച്ച പല കാര്യങ്ങളും ജനങ്ങള്‍ അറിയുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും  അതിക്രമങ്ങളും  നടന്നു എന്ന് പരക്കെ വിമര്‍ശനം ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം ഉദ്യോഗസ്ഥന്മ്മാരുടെ അതിക്രമങ്ങള്‍ക്കെതിരെ പരാതികളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. പലതും ഷാ കമ്മീഷന്‍ പോലുള്ള കമ്മീഷനുകളും മറ്റു എജെന്സികളും അന്വേഷിക്കുകയും പലരെയും നടപടികള്‍ക്ക് വിധേയമാക്കുകയും മറ്റും ചെയ്തിരുന്നു. ആ കാലങ്ങളില്‍ ആരോപണ വിധേയരാകാതെ അക്രമങ്ങളില്‍ ഏര്‍പ്പെടാതെ തികച്ചും നിയമ വിധേയമായി ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി ഇന്നും ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാ സ്തുതിയും ദൈവത്തിനു തന്നെ!
                          
അക്കാലത്ത് മനസ്സുകൊണ്ട് തീരെ പാകം വരാത്ത ഒരു ജോലി ചെയ്യേണ്ടി വന്നിട്ടുള്ളത് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ക്ക് ആളുകളെ കണ്ടെത്തി മെഡിക്കല്‍ ആഫീസര്‍ക്ക്‌ കൈമാറണം എന്നുള്ളതാണ്. എന്‍റെ ഡിപ്പാര്‍ട്ട്മെന്റ്  നേരിട്ട് ചെയ്യുന്ന ജോലിയല്ലെങ്കിലും ടാര്‍ജെറ്റ്‌ തികക്കാന്‍ പെടാപാട് വേണ്ടി വരുമായിരുന്നു. എന്നാലും തികഞ്ഞിരുന്നില്ല. ഈ കാര്യങ്ങളൊക്കെ നല്ലവരായ മേലാപ്പീസരന്മാര്‍ക്ക് അറിയാവുന്നതുകൊണ്ട്‌ നടപടികള്‍ ഒന്നും ഉണ്ടായില്ല. മണിക്കൂറുകള്‍ കഷ്ടപ്പെട്ട് ബോധവല്‍ക്കരിച്ചു ഒരാളെ പിറ്റേ ദിവസം താലൂക് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചു വീട്ടില്‍ വന്നു ഒരാളെ കിട്ടിയല്ലോ എന്ന് കരുതി ഉറങ്ങും. പിറ്റേ ദിവസം ഇയാളെയും കാത്തു ആശുപത്രി പടിക്കല്‍ നില്‍ക്കുമ്പോള്‍ ഒന്നുകില്‍ ഇയാള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ നോമിനിയായി എത്തി കാര്യം നടത്തി കഴിഞ്ഞിട്ടുണ്ടാകും. അതുമല്ലെങ്കില്‍ ഇയാള്‍ പേടി കൊണ്ട് സ്ഥലം വിട്ടു കാണും. ഒരാഴ്ച കഴിഞ്ഞു വീണ്ടും കാണുമ്പോള്‍ എന്തെങ്കിലും ഒഴി കഴിവ് പറയും. ഇങ്ങിനെ ഓരോ തമാശകള്‍!
                  
പുറമ്പോക്ക് ഭൂമിലളിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലായിരുന്നു മറ്റൊരു ജോലി. എന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ ഒഴിപ്പിക്കപ്പെടെണ്ട കേസുകള്‍ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വില്ലെജിലുള്ള പുറംപോക്കുഭൂമികളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഹായം നല്‍കാന്‍ പലതവണ നിയോഗിക്കപ്പെടുമായിരുന്നു. അന്നത്തെ സ്ഥിതി കണക്കിലെടുത്ത് കയ്യേറ്റങ്ങള്‍ കണ്ടുപിടിച്ചു കഴിയുമ്പോള്‍ തന്നെ നോട്ടീസോ മറ്റോ നല്‍കുന്നതിനു മുന്പായി തന്നെ കയ്യേറ്റക്കാര്‍ സ്വന്തം താല്‍പര്യപ്രകാരം ഒഴിയുമായിരുന്നു. അങ്ങിനെ  റോഡു പുറമ്പോക്ക് ഒഴിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു.  ഞങ്ങള്‍ പുറമ്പോക്ക് പരിശോധന നടത്തിക്കൊണ്ടിരിക്കെ ചെറിയ ഒരു ഓല മേഞ്ഞ വീട് പൂര്‍ണമായും പുറംപോക്കിലാനു നില്‍ക്കുന്നതെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഇതിനു പിന്നിലെ പട്ടയ ഭൂമിയില്‍ തെല്ലും ഇല്ല എന്നും പുര മുഴുവനുമായും പോളിക്കെണ്ടിവരുമെന്നും കണ്ട ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും ഇടിമിന്നല്‍ ഏറ്റതു പോലെയായി. വളരെ പാവപ്പെട്ട  ഒരാളുടെയാണ് ഈ പുര. ഞങ്ങള്‍ക്കൊപ്പം ഇതൊക്കെ കാണാന്‍ വലിയ ഒരു പുരുഷാരം തന്നെയുണ്ട്‌. എല്ലാവര്ക്കും കാര്യം ബോധ്യപ്പെടുകയും ചെയ്തു. ഇയാളാനെങ്കില്‍ കൂട്ടക്കരച്ചില്‍ . എല്ലാ പഴിയും ദൈവത്ത്തിനായിരുന്നു. എന്തിനാണ് സാധുവായ ഞങ്ങളോട് ഈ ചതി? ഞങ്ങള്‍ക്കാണെങ്കില്‍  അന്ന് പിന്നെ ജോലി തുടരാന്‍ കഴിയാത്ത ഒരു അവസ്ഥ. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ പറയാന്‍ എന്‍റെ സുഹൃത്തുക്കളായ ശ്രീ.സുന്ദരേശന്‍,ശ്രീ . മുരളീധരന്‍  എന്നിവര്‍ക്കും ആകുന്നില്ല. ഇയാളാനെങ്കില്‍ എന്‍റെ നാട്ടുകാരനും പരിചയക്കാരനും . കരച്ചില്‍ എന്‍റെ നേരെയായപ്പോള്‍ ഞാന്‍ എല്ലാം ദൈവത്തില്‍ സമര്പിക്കാന്‍ പറഞ്ഞു. എല്ലാത്തിനും ഒരു വഴി ദൈവം തന്നെ തുറന്നു തരുമെന്നും അതുവരെ ക്ഷമിചിരിക്കാനും ഉപദേശിച്ചു. ഇദ്ദേഹത്തിന്റെ കുടുംബക്കാരും എന്തെങ്കിലും സഹായിക്കാന്‍ അന്ന് തയ്യാറില്ലായിരുന്നു. എന്തായാലും പിറ്റേ ദിവസം ഞങ്ങള്‍ ജോലി തുടങ്ങുമ്പോഴേക്കു ഇയാള്‍ പുര പൊളിച്ചു മാറ്റി, തല്‍കാലം ഭാര്യയുടെ വീട്ടിലേക്കു താമസം ആക്കിയിരുന്നു എന്ന് അറിഞ്ഞു.
                  
ഈ സംഭവം കഴിഞ്ഞു ഒരു രണ്ടാഴ്ച കഴിഞ്ഞു കാണും. പുറമ്പോക്ക് ഭൂമിയില്‍ ഒഴിപ്പിക്കലിന് വിധേയമായി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് മിച്ചഭൂമിയില്‍ ഭൂമി പതിച്ചു കൊടുക്കാവുന്നതാനെന്നു ഒരു ഉത്തരവിറങ്ങി. ഞാന്‍ ഉടനെ ഇയാളെ  കണ്ടു ഒരു അപേക്ഷ തയ്യാറാക്കി വാങ്ങിച്ചു, അന്നത്തെ വില്ലേജ് ആപ്പീസര്‍ ശ്രീ. മുരളീധരനെ കൊണ്ട് കാര്യമായി ശുപാര്‍ശ ചെയ്യിപ്പിച്ചു അയച്ചുകൊടുത്തു. ആ സമയത്ത്  ഞങ്ങളുടെ വില്ലേജില്‍ ഏറ്റെടുത്ത കുറച്ചു മിച്ചഭൂമി പതിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷത്തിനു ശേഷം ഇയാള്‍ക്ക്  അതില്‍നിന്നും 83 സെന്റ്‌ മിച്ചഭൂമി പതിച്ചുകിട്ടി. ദൈവത്തിന്റെ വിളയാട്ടം!
                  
കാലാവധിക്ക് ശേഷം ഇതില്‍ നിന്നും കുറച്ചു ഭൂമി ഇയാള്‍ വില്‍ക്കുകയും പകരം തൊട്ടടുത്ത കുറച്ചു സ്ഥലം വാങ്ങി തന്റെ ബാക്കി സ്ഥലത്തോട് ചേര്‍ത്ത് വിപുലപ്പെടുത്തി ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിതിരിക്കുന്നു. അതില്‍ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു വീടും ഉണ്ടാക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെടുത്തി പെരുവഴിയില്‍ ഉപേക്ഷിച്ച ദൈവം തന്നെ എല്ലാത്തിനും പരിഹാരമായി വീടും സ്ഥലവും തൊഴിലും വരുമാനവും എല്ലാം കൂടി  249 രൂപയ്ക്കു ഇയാള്‍ക്ക് മിച്ചഭൂമിയുടെ രൂപത്തില്‍ നല്‍കിയിരിക്കുന്നു. ഒരിക്കല്‍  ഞാന്‍ ഇയാളോട് ചോദിച്ചു. അന്ന് നിങ്ങള്‍ ദൈവത്തിനെ പഴി പറഞ്ഞത് തിരിച്ചെടുക്കുമോ? എന്ന്. ഇയാള്‍ പറഞ്ഞതിങ്ങിനെ. " പൊന്നാര അബ്ദുരഹിമാനിക്ക, എനിക്ക് മിച്ചഭൂമി അനുവദിച്ച ഉത്തരവ് കിട്ടിയപ്പോള്‍ തന്നെ ദൈവത്തിന്റെ കാരുണ്യം ഞാന്‍ അറിഞ്ഞതാണ്. ഇന്നും അഞ്ചു നേരത്തെ പ്രാര്‍ത്ഥനയിലും ഞാന്‍ അത് അറിയുന്നു. വീട്ടുകാരും, നാട്ടുകാരും ഇല്ലാതെ കിടപ്പാടം നഷ്ടപ്പെട്ടു പെരുവഴിയില്‍ ആയ എന്നെയും കുടുംബത്തെയും ഈ നിലയില്‍ ആക്കുവാന്‍ പടച്ചവന്‍ അല്ലാതെ  മറ്റാര്‍ക്ക് കഴിയും" എന്നാണു.                    
രക്ഷകന്‍! അത് ദൈവം തന്നെയല്ലേ!

No comments:

Post a Comment