Monday, March 14, 2011

ചിന്താവിഷ്ടടനായ ബഷീര്‍

 എവിടെയാണ് തനിക്കു പിഴവ് സംഭവിച്ചത്? വളരെയധികം ചിന്തിച്ചും വിശകലനം നടത്തിയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭനഷ്ടങ്ങള്‍ കണക്കാക്കിയും തന്നെയാണ് താന്‍ കാര്യങ്ങള്‍ തീരുമാനിച്ചതും നടപ്പാക്കിയിരുന്നതും. ഉപദേശകര്‍ ഒരുപാട് കാണുമെങ്കിലും താന്‍ ആരുടെയും ഉപദേശങ്ങള്‍ മുഖവിലക്കെടുക്കുമായിരുന്നില്ല. തന്റെ കയ്യില്‍ തന്നെ വേണ്ടുവോളം ഉള്ളപ്പോള്‍ എന്തിനു മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കണം. ഇതുവരെയും ഒന്നിലും ഒരു പിഴവും പറ്റിയിട്ടില്ല. എന്നിട്ടും എന്തെ ഇപ്പോള്‍  ഇങ്ങിനെ  സംഭവിക്കാന്‍? ആണ്‍ മക്കളില്‍ മൂത്തവന്‍ ദുബായില്‍ കുടുംബസമേതം പോയിട്ട് ഇപ്പോള്‍ പതിനെട്ടു മാസമായി. ഇളയവന്‍ സൌദിയില്‍ പോയിട്ട് പതിനഞ്ചു മാസവും ആയി. അവന്‍റെ കുടുംബം നാട്ടില്‍ തന്നെ ഭാര്യയുടെ വീട്ടില്‍ കഴിയുന്നു. രണ്ടുപേരും തന്നോട് ഇപ്പോള്‍ നല്ല സുഖത്തിലല്ല. ഒന്ന് ഫോണ്‍ വിളിക്കുകയോ എന്തിനു ഒരു കത്ത്തയക്കുകയോ ചെയ്യുന്നില്ല. രണ്ടുപേര്‍ക്കും പത്തു സെന്റ്‌ വീതം സ്ഥലം രണ്ടുവര്‍ഷം മുന്‍പ് താന്‍ തന്നെ മുന്കയ്യെടുത്ത് പുര കയറ്റാന്‍ അടുത്ത്തടുത്ത്ടായി വാങ്ങിയത് ഇപ്പോഴും വേലി കെട്ടി കിടക്കുന്നു. അതിനു ശേഷമാണ് അവര്‍ തന്നില്‍ നിന്നും അകലാന്‍ തുടങ്ങിയത്. നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും കേള്‍ക്കാത്തപ്പോള്‍ സ്വല്പം ശകാരിക്കുകയുമേ താന്‍ ചെയ്തിട്ടുള്ളൂ. എല്ലാം അവരുടെ നന്മക്കു വേണ്ടിയായിരുന്നു. എന്നും അങ്ങിനെ മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂ. താന്‍ സ്വപ്നം കണ്ട നല്ല നാളുകള്‍ തന്നില്‍ നിന്നും അകന്നു പോകുകയാണോ? പെണ്മക്കള്‍ മൂന്നു പേരും അവരവരുടെ ഭര്‍ത്താക്കന്മാരുടെ വീടുകളില്‍ സുഖമായി കഴിയുന്നു. വല്ലപ്പോഴും വരും . ഒന്നോ രണ്ടോ ദിവസം നില്കും . പോകും. അത്രതന്നെ! വീട്ടില്‍ താനും ഭാര്യ സുഹറയും മാത്രം. ചെറിയതെങ്കിലും നല്ല ഓടു മേഞ്ഞ വീടിനു മുന്‍പിലുള്ള റോഡില്‍ താന്‍ തന്നെ നട്ടു വളര്‍ത്തിയ വാക  മരത്തിന്റെ തണലില്‍ കെട്ടിയ പെട്ടിക്കടയില്‍ ഇരുന്നു ബഷീര്‍ ചിന്തിക്കുകയാണ്. ഭാര്യ സുഹറയാണ്  കടയില്‍ വരുന്നവര്‍ക്ക് സോഡയും സര്‍ബത്തും സിഗരട്ടുമൊക്കെ എടുത്തു കൊടുക്കുന്നത്.
                  പത്ത് വര്‍ഷമായി താന്‍ ഈ കട തുടങ്ങിയിട്ട്. സര്‍ക്കാര്‍ സര്‍വീസിലെ നല്ലൊരു  തസ്തികയില്‍ നിന്നും പെന്‍ഷനായ ശേഷം തുടങ്ങിയതാണ്‌ ഈ കട, സാമാന്യം തരക്കേടില്ലാത്ത കച്ചവടം  നടക്കും. പെന്‍ഷനും കൂടിയായാല്‍ , ആണ്മക്കള്‍ സ്ഥലത്ത്തില്ലെങ്കിലും അവര്‍ ഒന്നും തന്നില്ലെങ്കിലും ഇടയ്ക്കിടെ വിരുന്നു വരുന്ന പെണ്മക്കള്‍ക്കും തനിക്കും ഭാര്യക്കും അടിച്ചു പൊളിച്ചു ജീവിക്കാം. പക്ഷെ താന്‍ അങ്ങിനെയല്ല കരുതിയിരുന്നത്. ആണ്‍ മക്കള്‍ അകന്നപ്പോള്‍ എവിടെയോ പിഴച്ച പോലെ. ആണ്‍ മക്കള്‍ കുടുംബം കൊണ്ടുപോകാതെ തന്റെ സംരക്ഷണത്തില്‍ വിട്ടു ആവോളം സമ്പാദിച്ചു വലിയ വീടുമൊക്കെ വെച്ചു ടൌണില്‍ കണ്ണായ സ്ഥലം വാങ്ങിച്ചു വലിയ കൊമ്പ്ലെക്സുകലുമൊക്കെ കെട്ടി വലിയ ഒരു ബിസിനസ്‌ സാമ്രാജ്യമൊക്കെ യായിരുന്നു മനസ്സില്‍. അതിന്റെയൊക്കെ ചുക്കാന്‍ പിടിച്ചു അമരക്കാരനായി താനും ഉണ്ടാകണമെന്ന് വിചാരിച്ചു. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എന്നും താന്‍ ജീവിച്ചത് തന്നെ അവര്‍ക്ക് വേണ്ടിയായിരുന്നു.
                 താനും കുട്ടിക്കാലത്ത് ആവോളം മാതാപിതാക്കളുടെ സ്നേഹം ആസ്വദിച്ചാണ്  വളര്‍ന്നത്‌. തന്റെ ജ്യേഷ്ടന് പഠിക്കാന്‍ വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെയാണ് പിതാവ് വളരെ കഷ്ടപ്പെട്ടാനെങ്കിലും പത്താം തരം വരെ പഠിപ്പിച്ചത്. അന്നും സമീപസ്ഥരായ മറ്റു കുട്ടികളില്‍നിന്നും താന്‍ വ്യെത്യ്സ്തനായിരുന്നു. അവരൊന്നും അന്ന് ചെരുപ്പ് ധരിച്ചിരുന്നില്ല. വാച്ച് കെട്ടിയിരുന്നില്ല. ഹൈസ്കൂളില്‍ പോയിരുന്നില്ല. അവരൊക്കെ ധരിച്ചിരുന്നത് ഉത്സവ പറമ്പുകളില്‍‍നിന്നും ചന്തകളില്‍ നിന്നുമൊക്കെ വാങ്ങുന്ന താഴ്ന്ന തരം തുണികളുടെ വസ്ത്രങ്ങള്‍ ആയിരുന്നെങ്കില്‍ താന്‍ ധരിച്ചിരുന്നത് അടുത്ത പട്ടണത്തില്‍ തുണിക്കടകളില്‍ പോയി വാങ്ങിച്ചു അവിടെ തന്നെ തുന്നിയെടുത്ത്ത മുന്തിയ തരം വസ്ത്രങ്ങള്‍ ആയിരുന്നു. വാച്ചും മോതിരവും, പുതിയ പുസ്തകങ്ങളും,പുതിയ ബാഗുമെല്ലാം തനിക്കു മാത്രം സ്വന്തം! ചായ കടക്കാരനായ  പിതാവ് എന്നും തന്റെ കാര്യത്തില്‍ അതീവ താല്പര്യമാണ് കാട്ടിയിരുന്നത്. പത്താം തരം കഴിഞ്ഞു ജോലി തേടിയുള്ള യാത്ര തുടങ്ങി. പത്താം തരം കഴിഞ്ഞു പണത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയപ്പോള്‍ ചില ചില്ലറ കച്ചവടങ്ങള്‍ താനും അഭ്യസിച്ചു വശമാക്കി. ആയിടക്കാണ് തന്റെ അടുത്ത ബന്ധു കൂടിയായ സുഹറയുടെ  കുടുംബവുമായി കൂടുതല്‍ അടുക്കുന്നതും തങ്ങള്‍ പ്രണയ ബ്ദ്ധരാവുന്നതും. സുഹറയുടെ  കുടുംബവുമായി തന്റെ മാതാപിതാക്കള്‍ ചില പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ അടുപ്പമുണ്ടായിരുന്നില്ല. സുഹറയുമായുള്ള  വിവാഹം വീട്ടുകാരക്കിഷ്ടമാല്ലാത്തതുകൊണ്ട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സുഹറയെ കെട്ടി താമസം ഭാര്യ വീട്ടിലേക്കു മാറ്റി. എല്ലാ കാര്യങ്ങളും തനിക്കു സാധിച്ചുതന്ന മാതാപിതാക്കള്‍  തനിക്കിഷ്ടപ്പെട്ട വിവാഹത്തിനു എതിര് നിന്നപ്പോള്‍ അവരെ കളയാനും സുഹറയെ സ്വീകരിക്കാനുമാണ് തന്റെ മനസ്സാക്ഷി ഉപദേശിച്ചത്. പിന്നീടൊരിക്കലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടൊന്നും തനിക്കു ജീവിതത്തില്‍ ഒരു നഷ്ടവും ഉണ്ടായില്ല എന്നുള്ളത് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു തന്നു. വിവാഹാനന്തരം കച്ചവടം വിപുലമാക്കുകയും രണ്ടു വര്ഷം തികയുന്നതിനു മുന്‍പ് തന്നെ ചെറിയതെങ്കിലും ഒരു സര്‍ക്കാര്‍ ജോലി തന്നെ  തരപ്പെടുകയും ചെയ്തു. വീട്ടുകാരെ ധിക്കരിച്ച്ചു വിവാഹം നടത്തിയതിനു കുറ്റം പറഞ്ഞ ആളുകളോട് നേരിട്ടോന്നും ചോദിച്ചില്ലെങ്കിലും, തനിക്കു കൈവന്ന  ജീവിത ഉന്നതി തന്റെ തീരുമാനങ്ങള്‍ക്കുള്ള ദൈവത്തിന്റെ സപ്പോര്‍ട് ആയി തന്നെ താന്‍ വിശ്വസിച്ചു.
                         അതിനു പ്രത്യേക കാരണവും ഉണ്ട്. അധികം വൈകാതെ തന്നെ നാട്ടിലേക്ക് ജോലി മാറ്റം. ജോലിയുടെ ഇടയില്‍ ഒരു വിധ അഴിമതിക്കും ഇടപെടാതെ തന്നെ ജോലിക്ക് പുറമേ  മറ്റു ചിലത് കൂടി തരപ്പെടുന്ന തരം ജോലി. ഒന്നിന് പുറകെ ഒന്നായി രണ്ടാണും മൂന്നു പെണ്ണും മക്കള്‍. ഭാര്യയുടെ വക നാല് സെന്റ്‌ സ്ഥലം. അതില്‍ സാമാന്യം ഭേദപ്പെട്ട ചെറുതെങ്കിലും ഒരു ഓടിട്ട പുര. അടുത്ത ജോലിസ്ഥലം. ഒന്നിനും ഒരു കുറവും വരാതെ താന്‍ വളര്‍ന്നതിനേക്കാള്‍ മെച്ചമായി മക്കളെ വളര്‍ത്തണമെന്ന ആഗ്രഹം. ഒന്നിനും ഒരു കുറവുമില്ലാതെ അവരെ വളര്‍ത്തി എല്ലാത്തിനെയും പത്താം തരം വരെ പഠിപ്പിക്കുകയും ചെയ്തു. അതിനിടയില്‍ മരണ കിടക്കയില്‍ നിന്ന് മൂന്നു പ്രാവശ്യം കാണണമെന്ന് പറഞ്ഞു പിതാവ് ആളെ വിട്ടിട്ടും തിരിഞ്ഞു നോക്കിയില്ല. തന്റെ എല്ലാമെല്ലാമായ നല്ലവളില്‍ നല്ലവളായ സുഹറയെ സ്വന്തമാക്കാന്‍ വിസമ്മതിച്ച പിതാവിനെ കാണുന്നില്ല എന്ന് തന്നെ കരുതി. പോയില്ല. കാരണം ദൈവം തന്റെ കൂടെയാണല്ലോ. മരണ ശേഷം നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്ന് പോയി കണ്ടു. അത്രമാത്രം. കുട്ടികളുടെ ഉന്നതിയും സുന്ദരമായ ഒരു ജീവിതവും അതിന്റെ നടുവില്‍ നായകനായി എന്നും താനുമെന്ന സ്വപ്നമായിരുന്നു മനസ്സ് നിറയെ. അതിലാണ് മക്കള്‍ ഇപ്പോള്‍ കോടാലി വെച്ചിരിക്കുന്നത്. എങ്ങിനെ തളരാതെ ഇരിക്കും!
                       പത്താം തരം കഴിഞ്ഞു മൂത്ത മകനെ ഒരു വര്‍ക്ക്‌ ഷാപ്പില്‍ കൊണ്ടാക്കി. എന്തെങ്കിലും കൈതൊഴില്‍ വശമാക്കണം . ഒരു ദിവസം ടൌണില്‍ ചെന്നപ്പോള്‍ മകന്റെ വര്‍ക്ക്‌ ഷാപ്പില്‍ ചെന്ന് മകനെയും കൂട്ടി മടങ്ങാമെന്ന് കരുതി അവിടം വരെ ഒന്ന് പോയി. കണ്ടപ്പോള്‍ മകന്‍ കരിയിലും ചളിയിലും മുങ്ങി നില്‍ക്കുന്ന കാഴ്ച കണ്ടു സങ്കടം തോന്നി പിറ്റെന്നാള്‍ ആ പണിക്കു പോകേണ്ട എന്ന് പറഞ്ഞു. ഇങ്ങിനെ കഷ്ടപ്പെടാനാണോ താന്‍ പാലും മോരും മീനും ഇറച്ചിയും ഒക്കെ കൊടുത്തു മക്കളെ വളര്‍ത്തിയത്? തനാനെങ്കില്‍ മീന്‍ വാങ്ങുമ്പോള്‍ നല്ല തരം  അയക്കോറയും , ആവോലിയും ചെമ്മീനും ആണ് വാങ്ങുക. ഇറച്ചി ആണെങ്കില്‍ ആട്, ഉടുമ്പ്, മുയല്‍ മുതലായവ മാത്രമേ വാങ്ങൂ. ഇങ്ങിനെയൊക്കെ വളര്‍ത്തിയത് ആരാന്റെ വര്‍ക്ക്‌ ഷാപ്പില്‍ കരിപുരണ്ടു ജീവിക്കാനല്ല. അങ്ങിനെയൊന്നും ജീവിക്കേണ്ട കാര്യമില്ല. ദൈവം നമ്മുടെ കൂടെയുണ്ട്. താനാണെങ്കില്‍ നല്ലത് മാത്രമേ ചെയ്തിട്ടുള്ളു. ഉമ്മറത്ത് കയറിവന്ന ഒരു ഫകീരിനെയും മിസ്കീനെയും വെറും കയ്യോടെ മടക്കി അയച്ചിട്ടില്ല. വീട്ടില്‍ ഉണ്ടാക്കിയ എല്ലാ നല്ല പദാര്‍ഥങ്ങളും കൂട്ടി ഊണ് കഴിപ്പിച്ചല്ലാതെ  ഒരാളെയും മടക്കി അയച്ചിട്ടില്ല. എല്ലാം ദൈവം നല്ലത് വരുത്താന്‍ വേണ്ടിതന്നെയല്ലേ.
                  ഒരിക്കല്‍ നായ കടിക്കാന്‍ ഓടിച്ചു എന്ന് പറഞ്ഞു വന്ന മകനെ സുഹൃത്തും അയല്‍ക്കാരനുമായ ഡോക്ടറെക്കൊണ്ട്‌ വിശദമായി പരിശോധിപ്പിച്ച്ചു . നായ കടിച്ച്ചിട്ടില്ലെന്നു ഡോക്ടറും മകനും ആണയിട്ടു പറഞ്ഞിട്ടും സമ്മതിച്ചില്ല. കാരണം അങ്ങിനെ നായ കടിച്ചത് അറിയാത്ത കാരണം കൊണ്ട് തൊണ്ണൂറു ദിവസം കഴിഞ്ഞു പേയിളകിയാണ് അയല്‍വക്കത്തെ സുലോചന ചേച്ചി മരിച്ചത്. അതുപോലെ ഒരു അബദ്ധം നമുക്ക് പറ്റാന്‍ പാടില്ല. പതിനാലു ദിവസത്തെ ഇന്‍ജെക്ഷന്‍ തന്നെ ഡോക്ടറെക്കൊണ്ട്‌ എടുപ്പിച്ചു. പിന്നീട് ഖേദിക്കേണ്ട കാര്യമില്ലല്ലോ! കാരണം അവരെ വളര്‍ത്തുന്നത് അങ്ങിനെയാണ്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ പോലും അവരുടെ ജീവിത വിജയത്തിനു വഴിമുടക്കാന്‍ പാടില്ല. അതുപോലെ തന്നെ ഒരിക്കല്‍ സുഹറക്ക്  പല്ല് വേദന വന്നു മോണയൊക്കെ പഴുത്തു. പല്ല് പറിക്കുന്നതാണ് നല്ലതെന്ന് സുഹറയും അയല്‍ക്കാരും  പറഞ്ഞു. വേണ്ട. ഡോക്ടറെക്കൊണ്ട്‌ പല്ലെടുപ്പിക്കേണ്ട. പഴുപ്പിനുള്ള മരുന്ന് കഴിച്ചാല്‍ മാത്രം മതി. പല്ല് നമുക്ക് പറിക്കാം.  ആര്‍ക്കും ഒന്നും അറിയില്ല. അയല്‍ക്കാരോക്കെ നമ്മുക്ക് ഗുണം വരണമെന്ന് കരുതുന്നവരാണോ? ഈയിടെയല്ലേ നമ്മുടെ അയല്‍വക്കത്തെ പോലീസുകാരന്‍ ബാവ ടൌണിലെ  ഡോക്ടറെകൊണ്ട്‌ പല്ല് എടുപ്പിച്ചു  അവസാനം കാന്‍സര്‍ ആയി ഇപ്പോള്‍ തിരുവനന്തപുരത്തെ ഏതോ ആശുപത്രിയില്‍ ആറുമാസമായി ചികിത്സയില്‍ ആണ്. നമുക്ക് അങ്ങിനെ ഒരു തെറ്റ് പറ്റാന്‍ പാടില്ല. ഇങ്ങിനെ ഓരോ അവസരത്തിലും ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ താന്‍ എന്തുമാത്രം ശ്രദ്ധയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ ഉപദേശം കേട്ടാല്‍ സുലോച്ചനചെചിയുടെയും ബാവയുടെയും അനുഭവമല്ലേ ഉണ്ടാവുക!
 ജീവിതവിജയം സ്വപ്നം കണ്ടു കഴിയുന്നതിനിടയിലാണ് ഒരു ദിവസം സഹപ്രവര്‍ത്തകന്‍ ഒരു സൂഫിയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്. നല്ല  കാര്യമായി തോന്നി. അദ്ദേഹത്ത്തെകണ്ട് ഒരുപാട് വരങ്ങള്‍ ആവശ്യപ്പെടണം. എല്ലാവരുടെയും മുന്‍പില്‍ വലിയവനാവുക തന്നെ വേണം. സുഹൃത്തിന്റെ ഒപ്പം പോയി. സൂഫിയെ കണ്ടു. നല്ല തിരക്കുണ്ട്‌. തന്റെ കാര്യങ്ങള്‍ മുഴുവനായി ആവശ്യപ്പെടാന്‍ സമയം അനുവടുച്ച്ചുകിട്ടുമെന്നു നിശ്ചയമില്ല. കാര്യങ്ങള്‍ മുഴുവന്‍ സാധിച്ചു കിട്ടിയില്ലെങ്കില്‍ വന്നത് വെറുതെയാകും. അവിടെയും തന്റേടം വീണ്ടെടുത്തു. നടന്നു കിട്ടേണ്ട കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ഒന്നുകൂടി കുറിച്ചു ബലപ്പെടുത്തി തന്റെ ഊഴം വന്നപ്പോള്‍ സൂഫി ഇരിക്കുന്ന റൂമിലേക്ക്‌ കയറി. സുഖവിവരങ്ങള്‍ ആരാഞ്ഞ സൂഫിയോടു അതിനു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്‌. "ഞാന്‍ ഒരു പാട് കാര്യങ്ങള്‍ മനസ്സില്‍ കരുതിയിട്ടുണ്ട്. എല്ലാം ഒന്ന് സാധിപ്പിച്ചുതരണം. അനുഗ്രഹിക്കണം."  "ആയിക്കോട്ടെ! അങ്ങിനെതന്നെ നടക്കട്ടെ" സൂഫി പറഞ്ഞു. തികഞ്ഞ സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങുമ്പോള്‍ സുഹൃത്ത് സൂഫി എന്ത് പറഞ്ഞു എന്ന് തിരക്കി. പലരും പലതും കരുതി പറയാന്‍ വന്നു സമയം കിട്ടാതെ വലയുന്ന സന്ദര്‍ഭത്തില്‍ താന്‍ ഒറ്റ അടിക്കു എല്ലാം നേടിയ കഥ സുഹൃത്തിനോട് വിവരിച്ചു. തന്റെ ബുദ്ധി വൈഭവത്തെ സുഹൃത്ത് പുകഴ്ത്തുകയും ചെയ്തു.
                എന്തായാലും കാര്യങ്ങള്‍ അവിടന്നങ്ങോട്ട് വളരെ വേഗത്തില്‍ ആണ് നടന്നത്. മൂന്നു പെണ്മക്കളുടെയും ആണ്‍ മക്കളുടെയും  നല്ല നിലയിലുള്ള വിവാഹങ്ങള്‍. വീട് നന്നാക്കല്‍. ജോലിയില്‍ കയറ്റവും നാട് വിടാതെ തന്നെ വകുപ്പ് മാറ്റവും, ആണ്‍ മക്കള്‍ക്ക്‌  രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നല്ല നിലയില്‍ ജോലിയും. എല്ലാം ഒരു അഞ്ചെട്ടു കൊല്ലം കൊണ്ട് നടന്നു കിട്ടി. ഒരു ദിവസം വെള്ളിയാഴ്ച മത പ്രഭാഷണത്തില്‍ മുസ്ലിയാര്‍ മാതാപിതാക്കളെ നോക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പറഞ്ഞു. പിതാവിനെ നോക്കാന്‍ കഴിഞ്ഞില്ല. മാതാവ് ജ്യെഷ്ടന്റെയും,ജ്യെഷ്ടപുത്രന്റെയും  മരണശേഷം സംരക്ഷണത്തിനു ആളില്ലാത്ത അവസ്ഥയില്‍   ആയിരുന്നു.  തീര്‍ത്തും ശയ്യാവലംബിയാണ്. വാതരോഗം തന്നെ. കൊണ്ടുവന്നു നോക്കി സംരക്ഷിക്കാം. ആവേശം അധികമായപ്പോള്‍ സുഹറയോടും  മക്കളോടും തിരക്കി. അവര്‍ക്ക് സമ്മതമില്ല. എങ്കിലും ഒരു വിധത്തില്‍ പറഞ്ഞു സമ്മതം വാങ്ങി. ഒരുദിവസം വീട്ടിലേക്കു കൊണ്ടുവന്നു. മാതാവിന് അത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാ പകയും മറന്നു മകനെ അനുഗ്രഹിച്ചു.
                  മാതാവിനെ വീട്ടില്‍ എത്തിച്ചെങ്കിലും വാതരോഗം പകരുമോ, ഭാര്യക്കോ കുട്ടികള്‍ക്കോ വല്ല അണുബാധയും ഉണ്ടായാല്‍ എന്ത് ചെയ്യും? ഓരോരുത്തരായി തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത സദാ സമയവും അലട്ടിക്കൊണ്ടിരുന്നു. മാതാവിന്റെ ശുശ്രൂഷയ്ക്ക് ഒരു പരിചാരികയെ ഏര്‍പ്പാടാക്കി. തൊടുന്നതില്‍ നിന്നും തീവ്ര പരിചരണ ത്തില്‍ നിന്നും ഭാര്യയേയും മക്കളെയും വിലക്കി. തന്റെ കൂട്ടുകാരന്‍ മൃഗാശുപത്രിയിലെ  മുസ്തഫയെ കണ്ടു കടുത്ത ഒന്ന് രണ്ടു ആണ് നാശിനി ലായിനികള്‍  വാങ്ങിച്ചു വീട്ടില്‍ കരുതി. വല്ലപ്പോഴും പരിചാരികക്കൊപ്പം മാതാവിനെ പിടിക്കേണ്ടി വന്നാല്‍ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കാമല്ലോ. ഏതായാലും അധിക പരിചരണം കാത്തു നില്‍ക്കാതെ ഉമ്മ പത്ത് മാസം കൊണ്ട് യാത്രയായി. പിതാവിനെ നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും മാതാവിനെ നല്ല വണ്ണം പരിചരിച്ച്ചതായി പള്ളിയിലെ മൌലവിയോടു പറയുകയും സ്വര്‍ഗം ഉറപ്പായതായി മൌലവി സമ്മതിക്കുകയും ചെയ്തു.
                കഴിഞ്ഞ രണ്ടു വര്‍ഷമായാണ് കാര്യങ്ങള്‍ തന്റെ വരുതിയില്‍ നിന്നും തെന്നി മാറുന്നതായി തോന്നിത്തുടങ്ങിയത്. രണ്ടാഴ്ച മുന്‍പാണ് താനും സുഹറയും ഉച്ച നേരത്ത് അധികം വഴിയാത്രക്കാര്‍ ഇല്ലാത്ത നേരം കടയില്‍ ഇരിക്കുമ്പോള്‍ ഒരു കുറത്തി  കയറിവന്നു ലക്ഷണം പറയാന്‍ തുടങ്ങിയത്. അവള്‍ എന്തൊക്കെയോ തമിഴില്‍ ഭാര്യയുടെ മുഖത്ത് നോക്കി പറഞ്ഞു. തന്നോട് കൈ പാക്കട്ടുമാ എന്ന് ചോദിച്ചു. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റാരും ഇല്ലാത്തതുകൊണ്ട് കൈ കുറത്തിക്ക്‌ നേരെ നീട്ടി. കുറത്തി പറഞ്ഞുതുടങ്ങി " രണ്ടു മീശക്കാര്‍ മക്കള്‍ , എന്ന് വെച്ചാല്‍ ആണ്‍ മക്കള്‍ ശെരിയില്ല. അവര്‍ അവരുടെ വഴിയില്‍ പൊകിറതു . പറഞ്ച്ചാല്‍ കേള്‍ക്കില്ല. അതുക്കു കാരണം ഉങ്കളുക്ക്‌ സ്വന്തം പിതാവിന്റെ ശാപം ഉണ്ട്. ആനാല്‍ ശാപം എന്ന് പറയക്കൂടാത്. മാനസ്ഥാപം എന്ന് പറയുവത്  താന്‍ ശെരി. അതുക്കു ഏതാവത് ശേയ്താല്‍ എല്ലാം ശേരിയായിടും". കുറത്തിയുടെ വാക്കുകള്‍ ചങ്കിലാണ് കൊണ്ടത്‌. പത്ത് രൂപ കൊടുത്തു കുറത്തിയെ അയച്ചു.
                          വൈകുന്നേരം തന്നെ സുഹൃത്തും അയല്‍ക്കാരനുമായ കാസിമുമായി പ്രശ്നം സംസാരിച്ചു. എല്ലാ പ്രശ്നങ്ങളും കാസിമുമായി പങ്കു വെക്കാരുന്ടെങ്കിലും തനിക്കു എന്തെങ്കിലും കാര്യമായി ബുദ്ധി ഉപദേശിക്കാന്‍ തക്കവണ്ണം ഉള്ള വിദ്യാഭ്യാസമൊന്നും അവനില്ല. ഇത് വരെ ഒന്നും അവന്‍ പറഞ്ഞത് മുഖവിലക്ക് എടുത്ത്തിട്ടുമില്ല. പക്ഷെ ഇത് ഇപ്പോള്‍ അങ്ങിനെയല്ലേ. എന്തെങ്കിലും ചെയ്തെ പറ്റൂ. താന്‍ നാളെ അടുത്തുള്ള ഒരു ദര്‍ഗയില്‍ പോകുന്നുണ്ടെന്നും അവിടെ പോയി പ്രാര്‍ഥിച്ചാല്‍ എല്ലാം ശേരിയാകുമെന്നും പറഞ്ഞപ്പോള്‍ ആ ഉപദേശം സ്വീകരിക്കാനാണ്‌ തോന്നിയത്. ഏതായാലും പിറ്റേദിവസം തന്നെ അവിടെ പോയി. കൂടുതല്‍ ആവശ്യങ്ങള്‍ ഒന്നും നിരത്താനില്ല. പിതാവിനോട് ചെയ്ത ക്രൂരത മാപ്പാക്കണമെന്നു മാത്രമേ പറയുവാനുള്ളു. അത് മാത്രമേ പറഞ്ഞുള്ളൂ. രണ്ടാഴ്ച കഴിഞ്ഞു അവിടെ ദര്‍ഗയില്‍ ചെറിയ തോതില്‍ ഒരു അന്നദാനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ കാസിമിനോടൊപ്പം അവിടെ പോയി അത് നടത്തണം.  പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടാണ് ബഷീര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. പെട്ടെന്ന് തന്നെ പള്ളിയിലേക്ക് യാത്രയായി.
                     പിറ്റേ ദിവസം ദര്‍ഗയില്‍ പോയി കാര്യങ്ങള്‍ നടത്തി ഉച്ചക്ക് തിരിച്ചെത്തി. കടയില്‍ സുഹറ  മാത്രമായത് കൊണ്ട് എവിടെയും നിന്നില്ല. വന്നപ്പോള്‍ സുഹറ  പറഞ്ഞു. മൂത്ത മകന്‍ പതിനൊന്നു മണിക്ക് വിളിച്ചിരുന്നു. ഉപ്പാനോട് ഒരു പാസ്സ്പോര്‍ട്ട് എടുക്കാന്‍ പറയണം. അതിനുള്ള പൈസ അടുത്ത മാസം അയക്കുന്നുണ്ട്. ഉപ്പാനെ ഹജ്ജിനു പറഞ്ഞയക്കനമെന്നും പറഞ്ഞത്രേ! ഊണ് കഴിഞ്ഞു കടയില്‍ വന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. കോടതിയില്‍ നിന്നും ആണ്. ഒരു നോടീസ് കൊണ്ടുവന്നിരിക്കുകയാണ്. താന്‍ പ്രതിയാക്കപ്പെട്ട ഒരു കേസിന്റെ നോടീസ് ആണ്. അടുത്ത മാസം 8 നു കോടതിയില്‍ ഹാജരാകണം. നോടീസ് ഒപ്പിട്ടു വാങ്ങി . പ്രശ്നങ്ങള്‍ നേര്‍ക്കുമോ? അതോ സ്ന്കീര്‍ണമാകുമോ?................ബഷീര്‍ അന്നും ഉറങ്ങിയില്ല..........................!!!

2 comments:

  1. പ്രിയ റഹിമാന്‍,

    ഇതില്‍ ആത്മകഥാംശങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്ന്‌ ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നു.

    ഭാവുകങ്ങള്‍.

    ReplyDelete
  2. തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി മാങ്കോസ്റ്റിന്‍ മരത്തിനു ചുവട്ടിലെ ബഷീറാണെന്ന്. ഉം. കാര്യങ്ങള്‍ ഇപ്പോ ഇങ്ങനെയൊക്കെ തന്നെയാണു. പിന്നെ മാതാവിനെ പരിചരിച്ച രീതി തന്നെയല്ലെ ബഷീറിന്റെ മക്കളും പിന്തുടരുക.അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം..?

    ReplyDelete