Sunday, April 3, 2011

വിളവു തിന്നുന്ന വേലി

 ഉമ്മറത്തെ ബഹളം കേട്ടാണ് മൊയ്ദീന്‍ ഹാജി പത്തു മണിക്കുള്ള കഞ്ഞി കുടി കഴിഞ്ഞു പുറത്തേക്കു വന്നത്. നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുത്തനെ മര്‍ദ്ദിച്ചു അവശനാക്കി മുറ്റത്ത് ഇട്ടിരിക്കുന്നു. എന്തൊക്കെയോ ചീത്ത വിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. തന്നെ കണ്ടപ്പോള്‍ ആക്രോശം മുഴുവന്‍ തന്നോടായി. "ങ്ങള് ഈ ചെകുത്താന്റെ ഇമ്മാതിരി ചെയ്തികള്‍ക്ക് കൂട്ട് നില്ക്കുന്നുണ്ടോ? വലിയ കഷ്ടം തന്നെ. കൊല്ലുകയാണ് വേണ്ടത്" ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. താന്‍ മുറ്റത്ത്‌ കിടക്കുന്ന ചെറുപ്പക്കാരനെയാണ് നോക്കുന്നത്. തൊപ്പി കയ്യിലുണ്ട്. താടിയുമുണ്ട്. ചെറുപ്പക്കാരനെ മനസ്സിലായപ്പോള്‍ ഹാജിയാര്‍ ശെരിക്കും ഞെട്ടിത്തരിച്ചു പോയി.പള്ളിയിലെ മൌലവിയാണ്. വേഗം മുറ്റത്തേക്ക് ചാടി ഇറങ്ങി വീണു കിടക്കുന്ന ചെറുപ്പക്കാരനെ പിടിച്ചു എഴുന്നെല്പിക്കാന്‍ ശ്രമിച്ചു. "തൊട്ടുപോകരുത്.ഇവന്‍ ചെയ്തത് എന്താണ് എന്നറിയുമോ? ഈ നില്‍ക്കുന്ന യൂസഫിന്റെ മൂന്നാം തരം മദ്രസ്സയില്‍ പഠിക്കുന്ന മോളെ  ഈ നായിന്റെ മോന്‍! ഇവനെ ഉടനെ പോലീസില്‍ ഏല്‍പ്പിക്കണം. " അപ്പോള്‍ അതാണ്‌ കാര്യം. ചെറുപ്പക്കാരനെ പിടിച്ചു എഴുന്നേല്‍പിച്ചു സിറ്റ്ഔട്ടിലേക്ക് ഇരുത്തി ഹാജിയാര്‍ ചോദിച്ചു. ഇവര്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ? ചെറുപ്പക്കാരന്‍ മൌലവി പറഞ്ഞു. "പ്രിയ ഹാജിയാര്‍ എന്നോട് ക്ഷമിക്കണം. തെറ്റ് പറ്റി പോയി. ഇവര്‍ പറഞ്ഞത് സത്യമാണ്.എന്നെ പോലീസില്‍ ഏല്‍പ്പിക്കരുത്.പോകാന്‍ അനുവദിക്കണം." ഇപ്പോഴാണ് ഹാജിയാര്‍ ശെരിക്കും ഞെട്ടിയത്.
                 പോലീസില്‍ എല്പിചാലുണ്ടാകുന്ന അന്വേഷണങ്ങളും അതുമൂലം മഹല്ലിനും ഈ പെണ്‍കുട്ടിക്കും ഉണ്ടാകുന്ന മാനഹാനിയും മര്‍ദ്ദനത്തിനു മറുപടി പറയേണ്ടതിന്റെയും മറ്റും കാര്യങ്ങളും ചെറുപ്പക്കാരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരെ വല്ലവിധവും മടക്കി അയച്ചു. മൌലവിയെ ഒരു ആട്ടോ വിളിച്ചു നാട്ടിലേക്കും അയച്ചു. താന്‍ പ്രസിഡന്റ്‌ ആയ മഹല്ലില്‍ ഇങ്ങിനെ ഒരു അവസ്ഥ വന്നതില്‍ ഹാജിയാര്‍ ആദ്യമായി ദു:ഖിച്ചു.
                 മുഹിയുദ്ദീന്‍ മാലയും, ബദര്‍ മാലയും നഫീസത്ത്‌ മാലയും ഒക്കെ പാടിയിരുന്ന ഒരു പഴയ മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന താന്‍ ചെറുപ്പത്തില്‍ നാട് വിട്ടതാണ്. ജീവിതത്തിലെ നല്ല ഒരു ഭാഗം മുംബായില്‍ ആണ് കഴിച്ചു കൂട്ടിയത്. അവിടെ തന്നെ താമസമാക്കിയ ഒരു മലയാളി കുടുംബത്തില്‍ നിന്ന് പെണ്ണ് കെട്ടി. രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും.മകന്‍ മുംബായില്‍ തന്നെ ജോലി. കംപ്യുട്ടര്‍ എന്ജിനീര്‍. നല്ല ശമ്പളം. മകളെ അവിടെ തന്നെ വിവാഹം ചെയ്തു കൊടുത്തു. നഗര ജീവിതം മടുപ്പ് തോന്നിയപ്പോള്‍ നാട്ടിലുള്ള സ്ഥലത്ത് വീട് വെച്ചു തികച്ചും ഗ്രാമത്തില്‍ ജീവിക്കാനുള്ള കൊതി കൊണ്ടാണ് മക്കളെ പറഞ്ഞു സമ്മതിപ്പിച്ചു താനും ഭാര്യയും ഇങ്ങോട്ട് താമസം മാറ്റിയത്. കുട്ടിക്കാലത്തെ പരിചയക്കാരായ ആളുകള്‍ തന്നോട് എന്തെന്നില്ലാത്ത സ്നേഹം കാട്ടിയിരുന്നു. അങ്ങിനെയാണ് ഏഴുകൊല്ലം മുന്‍പ് പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ്‌ പദവി താന്‍ ഏറ്റെടുക്കേണ്ടി വന്നത്.
               അന്ന് മുതല്‍ തന്നെ ഈ മൌലവിയും പള്ളിയില്‍ ഉണ്ടായിരുന്നു. സുന്ദരനും നല്ല വാഗ്മിയും സംഘാടകനും അദ്ധ്യാപകനുമോക്കെയായിരുന്നു. ഇയാള്‍. താന്‍ പ്രസിഡന്റ്‌ പദവി ഏറ്റെടുത്ത ശേഷമാണ് ഇയാള്‍ വിവാഹം കഴിച്ചത് തന്നെ. ഇപ്പോള്‍ രണ്ടു കുട്ടികളുമുണ്ട്. വിവാഹത്തിന് നല്ല ഒരു സംഖ്യ മഹല്ലില്‍ നിന്ന് പിരിവെടുത്തു സഹായിക്കുകയും ചെയ്തു. താനും കൂട്ടുകാരും സ്പെഷല്‍ ബസ് വിളിച്ചാണ് കല്യാണത്തിന് പോയത്. ഇപ്പോള്‍ ഒരു വീടും സ്ഥലവും വാങ്ങിക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്ന് പറഞ്ഞു അതിനുള്ള പിരിവു മഹല്ലത്തില്‍  നടക്കുന്നുമുണ്ട്. എല്ലാം എന്തായി?
               തൊട്ടടുത്ത മഹല്ലിലെ മുസ്ലിയാരെ പെണ്ണ് കേസില്‍ ചിലര്‍ മര്‍ദ്ദിച്ചു അവശനാക്കിയപ്പോള്‍, ഇത് പോലെയുള്ള പണ്ഡിതന്മാര്‍ നാട്ടിനും ദീനിനും ആപത്ത് ആണെന്ന് പ്രസംഗിച്ചവന്‍. മസ്ദ്രസ വിദ്യാര്‍ഥിയില്‍ നിന്ന് സ്വര്‍ണാഭരണം ഊരി വാങ്ങി സ്ഥലം വിട്ട മൌലവിയെ കത്തിക്കണമെന്ന് പ്രസംഗിച്ചവന്‍, നമസ്കാരം എല്ലാ നീച പ്രവര്‍ത്തനങ്ങളെയും തടയുമെന്ന് പറഞ്ഞവന്‍. തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്‍റെ പ്രദേശം നല്ലതാണെന്ന് സ്വല്പം അഹങ്കാരം തോന്നിയിരുന്നു . എന്നിട്ടിപ്പോള്‍ എന്തായി. മൌലവിയുടെ കഴിവുകളും തന്റെ ഒഴിവു കാലവും ഒത്തു ചേര്‍ന്നപ്പോള്‍ വലിയ ഒരു മാറ്റം തന്നെ മഹല്ലില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. സമീപ സ്ഥലങ്ങളിലെ പള്ളികളില്‍ നിന്നും തന്റെ പള്ളി ദീനിന്റെ അച്ചടക്കത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു. എല്ലാം കീഴ്മേല്‍ മറിഞ്ഞില്ലേ?
              മുംബായിലെ ജീവിതത്തില്‍ പള്ളിയും പട്ടക്കാരുമോന്നും ഉണ്ടായിരുന്നില്ല. നാട്ടില്‍ വന്നത് തന്നെ എന്തെങ്കിലും തനിക്കും ദീനിനും വേണ്ടി  ചെയ്യണമെന്നു കരുതിയാണ്. പ്രസിഡന്റ്‌ പദവി  കിട്ടിയതോടുകൂടി തന്റെ സ്വപ്നം സാക്ഷാല്‍കരിച്ചതായി തോന്നിയിരുന്നു. ഛെ, ഇയാളെ മുന്‍ നിര്‍ത്തി താന്‍ നിര്‍വഹിച്ച നമസ്കാരം , ജുമുഅ:, എല്ലാം ഏതു കണക്കില്‍ പെടും. ആലോചിക്കുന്തോറും മൊയ്ദീന്‍ ഹാജിക്ക് തല കറങ്ങുന്നതായി തോന്നി. ഇതിനും പുറമേ ഇതര മഹല്ലുകള്‍ക്കിടയില്‍  താന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് . ഒരു ഗ്ലാസ് ചൂട് വെള്ളം ആവശ്യപ്പെട്ടു ഹാജിയാര്‍ അടുത്ത് കണ്ട കസേരയില്‍ ഇരുന്നു പോയി.പാവം.........

No comments:

Post a Comment