Thursday, August 4, 2011

പ്രവചനങ്ങള്‍

1968 ലാണ് എന്ന് തോന്നുന്നു ഒരുദിവസം ഞാനും എന്‍റെ ബന്ധുവും സുഹൃത്തും ആയ സിറാജുദ്ദീന്‍ മുസ്ലിയാരും കൂടി പാലക്കാട്‌ ജില്ലയിലെ കുഴല്‍മന്നതിനടുത്തുള്ള ചിതലി എന്ന ഗ്രാമത്തില്‍ ഒരു വീട്ടില്‍ പോയിരുന്നു. അന്നവിടെ ഭാവി പറയുന്ന ഒരു തങ്ങള്‍ വരുന്നുണ്ടെന്നു  കേട്ടാണ് പോയത്. അദ്ദേഹത്തെ കണ്ടു  ചില കാര്യങ്ങള്‍ അറിയലാണ് ഉദ്ദേശം. ഞങ്ങള്‍ ചെല്ലുമ്പോള്‍ രാവിലെ ഒരു എട്ടു മണിയായിക്കാണും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം ഏതാണ്ട് മുപ്പതോളം പേര്‍ അദ്ദേഹത്തെ കാത്തു അവിടെ ഉണ്ടായിരുന്നു. ഗൃഹനാഥനും സിറാജുദ്ദീന്‍ മുസ്ലിയാരുടെ ഒരു പരിചയക്കാരന്‍ ആയിരുന്നു. ഏതാണ്ട് പത്ത് മണിയായപ്പോള്‍ തങ്ങള്‍ എന്ന് പറയുന്ന ആള്‍ എത്തി. എഴുപതിനോടടുത്ത്ത പ്രായം. തോളില്‍ ഒരു തുണി സഞ്ചി തൂക്കിയിട്ടുണ്ട്‌. മുണ്ടും ജുബ്ബയും വേഷം. തൊപ്പിയും ധരിച്ചിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ ഒരു ദേഹം.
 
ആചാരോപചാരങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ പറയാന്‍ തുടങ്ങിയത് മൌലവിയുടെ കൂടെ ചെന്ന ആള്‍ എന്നനിലയിലാവാം എന്നില്‍ നിന്നാണ്. ഒരു കുപ്പി ഗ്ലാസ്സില്‍ നിറയെ പച്ചവെള്ളം നിറച്ചു മുന്‍പില്‍ വെച്ചു. അതില്‍ നോക്കിയാണ് ഓരോരുത്തരുടെയും കാര്യങ്ങള്‍ പറയുന്നത്. പേരോ നാളോ മേല്‍വിലാസമോ ഒന്നും ചോദിക്കുന്നില്ല. എന്‍റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി! ഞാന്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നുണ്ടെന്നും അത് ലഭിക്കാന്‍ ഇനിയും ഒരു അഞ്ചുകൊല്ലം കൂടി കാത്തിരിക്കണം എന്നും കിട്ടുമ്പോള്‍ സമൂഹത്തില്‍ ഏറെ മാന്യതയുള്ള ഒരു ജോലി തന്നെ ലഭിക്കുമെന്നും  അത് വരെ ക്ഷമയോടെ കാത്തിരിക്കണം  എന്നും പറഞ്ഞു. പോലീസില്‍ ചേരാന്‍ നില്‍ക്കരുതെന്നും ആ ജോലി മോനു നന്നാകില്ല എന്നും പറഞ്ഞു.(കാരണം എനിക്ക് എന്തെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടണം എന്നല്ലാതെ ഇന്ന ജോലി എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ലല്ലോ! അതായിരിക്കണം അദ്ദേഹം അങ്ങിനെ പറഞ്ഞത്) പിന്നെ ഞങ്ങളുടെ വസ്തു വില്പനയുടെ കാര്യം, വിവാഹം  തുടങ്ങി മറ്റു പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു.  തിരിച്ചു വരാന്‍ തുടങ്ങി അദ്ദേഹത്തിനു എന്തെങ്കിലും കൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ പരതുമ്പോള്‍ എനിക്ക് ഒന്നും ഇപ്പോള്‍ വേണ്ട എന്നും , ഇനി ഈ ആവശ്യത്തിനു ആരെങ്കിലും എന്തെങ്കിലും തന്നാല്‍ തന്നെ  നാഴി (ഏകദേശം 250 ഗ്രാം) അരിയോ അല്ലെങ്കില്‍ അതിന്റെ പണമോ മാത്രമേ സ്വീകരിക്കാന്‍ അനുവാദം ഉള്ളൂ എന്നും ആണ്. വളരെ അത്ഭുതം തോന്നി . ഞങ്ങളില്‍ നിന്നും ഒന്നും സ്വീകരിച്ചില്ല! ഞങ്ങള്‍ അപ്പോള്‍ തന്നെ മടങ്ങി.
 
ഒരു വര്‍ഷത്തിനകം തന്നെ തങ്ങള്‍ പറഞ്ഞപോലെ ഞങ്ങളുടെ വസ്തു വിലപനയും എന്‍റെ വിവാഹവും  നടന്നിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഞാനും എന്‍റെ  അയല്‍വാസിയും സുഹൃത്തും ആയ ഹംസയോടൊപ്പം ഞങ്ങള്‍ കല്ലെക്കാടുള്ള ആംഡ് റിസര്‍വ് ക്യാമ്പില്‍ പോലീസില്‍ ആളെ എടുക്കുന്നു എന്ന് കേട്ടു അതിനുവേണ്ടി പോയി, തങ്ങള്‍ പറഞ്ഞകാര്യം തത്കാലം മാറ്റിവെച്ചു. അന്ന് ചാട്ടം, ഓട്ടം, മരം കയറല്‍, എന്നിവയൊക്കെ വശമുള്ളവര്‍ക്കേ പോലീസില്‍ ചേരാന്‍ പറ്റുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടാളും ഹൈജമ്പ് വരെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. ഹൈജമ്പ് ചാടുമ്പോള്‍ സാധാരണ ചാടാറുള്ള ഉയരത്ത്തെക്കാള്‍  കുറവായിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ചാടാന്‍ കഴിഞ്ഞില്ല. രണ്ടു ചാന്‍സും കഴിഞ്ഞു. ഞങ്ങള്‍ അവിടെ തന്നെ തിരിച്ചു വരാതെ നിന്നിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു ചാന്‍സ് കൂടി തന്നു. ഞാന്‍ എന്‍റെ സുഹൃത്ത് ഹംസയോടു  " ചാടിക്കോ ഞാന്‍ ഇല്ല. നിനക്ക് എന്തായാലും ഇത് കിട്ടും. എനിക്ക് കിട്ടില്ല." എന്നുപറഞ്ഞു അവനെ നിര്‍ബന്ധിച്ചു. അവന്‍ മനസ്സില്ലാ മനസ്സോടെ ചാടി പാസായി. പോലീസ് ആയി.  ഞാന്‍ റെവെന്യു വകുപ്പില്‍ കയറുന്നത് 1974 ല്‍ ആണ്. 2002 ല്‍ ഞാന്‍ വില്ലേജ് ഓഫീസര്‍ ആയും ഹംസ സബ് ഇന്‍സ്പെക്ടര്‍ ആയും റിട്ടയര്‍ ചെയ്തു ,ഒരേ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നു. 

No comments:

Post a Comment